നടുവണ്ണൂർ: നടുവണ്ണൂർ-പേരാമ്പ്ര സംസ്ഥാനപാതയിൽ പുതിയപ്പുറം വളവിൽ അപകടം തുടർക്കഥ. അപകടം പതിവായിട്ടും കണ്ണുതുറക്കാതെ അധികാരികൾ. ഇതിനകം അഞ്ചോളം ജീവനാണ് ഇവിടെ പൊലിഞ്ഞത്. ബുധനാഴ്ച കാലത്ത് 6.30ന് കോഴിക്കോട് വലിയങ്ങാടിയിൽനിന്ന് പലചരക്ക് കയറ്റി കുന്നമംഗലം ബാലുശ്ശേരി വഴി കോട്ടൂർ റോഡിൽ കയറി പുതിയപ്പുറത്ത് അപകട വളവിൽ കൂടി സംസ്ഥാന പാതയിലേയ്ക്ക് കയറുകയായിരുന്ന അശോക ലൈലൻറിന്റെ ദോസ്ത് ഗുഡ്സ് വാഹനം കയറ്റം കയറുമ്പോൾ മറിഞ്ഞു. വാഹനത്തിലെ ഡ്രൈവറായ നികുൽ കുന്നമംഗലം(24), സഹായി താജുൽ ഇതാഫ്(19) എന്നിവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഡ്രൈവർക്ക് കൈയ്ക്ക് പരിക്കുണ്ട്. ഈ അപകടം പുലർച്ചെ 6.30 ന് ആയതിനാൽ വലിയ അപകടമാണ് ഒഴിഞ്ഞു മാറിയത്. തുടർന്ന് ക്രെയിൻ എത്തിയാണ് വാഹനം എടുത്തുമാറ്റിയത്. വാഹനത്തിന്റെ ഗ്ലാസ് പൂർണമായി തകർന്നു. എൻജിനും തകരാറിലായിട്ടുണ്ട്. പലചരക്ക് സാധനം മറ്റൊരു വാഹനത്തിലേയ്ക്ക് മാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലൂടെ ഈ അപകട മേഖലയായ 100 മീറ്ററും ബാക്കി വരുന്ന മൂന്നു കിലോമീറ്ററോളം കോട്ടൂർ പഞ്ചായത്തിലൂടെയുമാണ് കടന്നു പോവുന്നത്. കോട്ടൂർ പടിയക്കണ്ടിയിൽ നിന്നും പേരാമ്പ്രയിൽ എത്തിച്ചേരാനും മൂലാട് നിന്ന് നടുവണ്ണൂർ എത്തിച്ചേരാനും ഈ റോഡ് ഒരു എളുപ്പമാർഗമാണ്. ഈ അപകട വളവിന് പരിഹാരം കാണാൻ നാട്ടുകാർ മുട്ടാത്ത വാതിലുകൾ ഇല്ല.
അധികൃതർക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഈ അപകട മേഖലക്ക് പരിഹാരം കാണാൻ പൊതു പ്രവർത്തകൻ ബിനീഷ് അത്തൂനി മനുഷ്യാവകാശ കമീഷനെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.