എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും വ്യാപകമാവുന്നതായി പരാതി. കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെ ലഹരിവസ്തുക്കളുടെ മൊത്തവിതരണ സംഘങ്ങൾ പ്രദേശത്ത് ഏറെക്കാലമായി പ്രവർത്തിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു.
അടുത്തിടെ പൊലീസ് പിടിയിലായവർ വട്ടോളിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരാണ്. പൊലീസിനോ എക്സൈസിനോ പിടികൊടുക്കാതെ പ്രദേശത്ത് ലഹരിയെത്തിച്ച് ആവശ്യക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്. ഒഴലക്കുന്ന് പ്രദേശത്ത് ആളൊഴിഞ്ഞ ഭാഗത്ത് ലഹരിക്കായി നിരവധി അപരിചിതർ രാപ്പകലില്ലാതെ എത്തുന്നുണ്ട്. ഇവിടെ നാട്ടുകാരെ വെല്ലുവിളിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. എതിർക്കുന്നവരെ ആക്രമിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആളൊഴിഞ്ഞ കേന്ദ്രങ്ങളിലെത്തി ലഹരി ഉപയോഗിക്കുകയും കൈമാറ്റംചെയ്യുകയും ചെയ്യുന്നുണ്ട്. നാട്ടുകാർ സംഘടിച്ച് ഒഴലക്കുന്ന് മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പെരുമാറ്റച്ചട്ടം കൊണ്ടുവരുകയായിരുന്നു. തുടർച്ചയായി നിയമം ലംഘിച്ച ഒരു വ്യക്തിക്കെതിരെ കമ്മിറ്റി നടപടി കൈക്കൊള്ളുകയുമുണ്ടായി. വട്ടോളി മങ്ങാട് റോഡിലെ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം നടക്കുന്നതായി പറയുന്നുണ്ട്.
കിഴക്കോത്ത് മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി നേതൃത്വത്തിലും ജാഗ്രതസമിതി രൂപവത്കരിച്ചത് പ്രവർത്തിച്ചുവരുകയാണ്. ലഹരിസംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയാൽ, പരാതി രേഖാമൂലം നൽകിയാലേ നടപടിയെടുക്കാൻ കഴിയൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന് നാട്ടുകാർ പറയുന്നു.
പൊലീസ് എത്തുംമുമ്പ് ലഹരിസംഘങ്ങൾക്ക് വിവരം ലഭിച്ച് രക്ഷപ്പെടും. സർക്കാർ കോളജുകളും സ്കൂളുകളും ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന എളേറ്റിൽ വട്ടോളിയിൽ ലഹരിസംഘത്തിന്റെ പ്രവർത്തനം സജീവമായത് നാട്ടുകാരുടെ ഉറക്കംകെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.