കോഴിക്കോട്: പ്രൈമറി അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഓഫിസിന് സർവത്ര ആശയക്കുഴപ്പം. ഇതുകാരണം മറ്റു 13 ജില്ലകളിലും ഉത്തരവിറങ്ങി അധ്യാപകർ വിവിധ സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും കോഴിക്കോട് ജില്ലയിൽ അധ്യയനം ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും സ്ഥലംമാറ്റം പ്രാവർത്തികമായില്ല.
മേയ് 31ന് അന്തിമ ഉത്തരവിറക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ജൂൺ ഒന്നിന് ഇറങ്ങിയ 195 അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡി.ഡി.ഇ) അന്നുരാത്രിതന്നെ റദ്ദാക്കി. ഉത്തരവനുസരിച്ച് ആരും റിലീവ് ചെയ്യരുതെന്നും എ.ഇ.ഒമാർ മുഖേന നിർദേശം വന്നു. അതേസമയം, ജൂൺ രണ്ടിന് നേരത്തെ ഇറങ്ങിയ ഉത്തരവ് പ്രകാരം അധ്യാപകർക്ക് റിലീവ് ചെയ്യാമെന്ന പുതിയ നിർദേശവുമായി ഡി.ഡി.ഇ രംഗത്തുവന്നു. മണിക്കൂറുകൾക്കകം ഈ നിർദേശവും റദ്ദാക്കി റിലീവ് ചെയ്യരുതെന്ന പുതിയ നിർദേശമാണുണ്ടായത്. അതിനിടെ, ചില അധ്യാപകർ നേരത്തെ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റിലീവ് ചെയ്യുകയും പുതിയ സ്കൂളുകളിൽ ചുമതലയേൽക്കുകയും ചെയ്തു. ചിലരാകട്ടെ, പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റിലീവ് ചെയ്തതുമില്ല.
സീനിയോരിറ്റി അപ്ഡേറ്റ് ചെയ്തപ്പോൾ സാങ്കേതിക തകരാർ സംഭവിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് ഡി.ഡി.ഇ ഓഫിസ് വ്യക്തമാക്കിയത്. അപാകതകൾ പരിഹരിച്ചിട്ടുണ്ടെന്നും പുതിയ ഉത്തരവ് തിങ്കളാഴ്ച ഇറങ്ങുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. എന്നാൽ, മറ്റൊരു ജില്ലക്കുമുണ്ടാകാത്ത സാങ്കേതിക പ്രശ്നം കോഴിക്കോട് ജില്ലയിൽ മാത്രമുണ്ടായത് എങ്ങനെയെന്നാണ് അധ്യാപകർ ചോദിക്കുന്നത്. ജൂൺ ഒന്നിന് ഇറക്കിയ ഉത്തരവിൽ അപാകതകൾ പരിഹരിച്ച് ഇറക്കുന്ന അന്തിമ സ്ഥലംമാറ്റ ലിസ്റ്റ് ഒരിക്കലും റദ്ദാക്കുകയില്ലെന്നും അധ്യാപകർ ഒരാഴ്ചക്കകം അതത് സ്കൂളുകളിൽ ചുമതലയേൽക്കണമെന്നും നിർദേശിച്ചിരുന്നെങ്കിലും നിരവധി തവണ ഉത്തരവ് റദ്ദാക്കേണ്ട അവസ്ഥയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.