കോഴിക്കോട്: കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള അടൽ മിഷൻ ഓഫ് റിജ്യൂവനേഷൻ ആന്‍ഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയുടെ ഭാഗമായ അമൃത് 2.0 നോടനുബന്ധിച്ച് നഗരവികസനത്തിന് ലോക്കൽ ഏരിയ പ്ലാൻ തയാറാക്കാൻ നഗരസഭ തീരുമാനിച്ചു.
നഗരഹൃദയത്തിൽ 300 ഹെക്ടർ സ്ഥലത്താണ് വികസനം നടപ്പാക്കുക. എന്തെല്ലാം വികസനവും പദ്ധതികളും ഉൾക്കൊള്ളിക്കണമെന്നതും പ്ലാൻ തയാറാക്കിയ ശേഷം തീരുമാനിക്കുമെന്ന് നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി പറഞ്ഞു. 300 മുതൽ 500 ഹെക്ടർ വരെ സ്ഥലം ഉൾപ്പെടുത്തി പ്ലാൻ തയാറാക്കാനാണ് തീരുമാനം. ഇതിനായി സ്ഥലവും കണ്ടെത്തണം.
2018ൽ രാജ്യത്ത് 20 ലേറെ നഗരങ്ങളിൽ അമൃത് 2.0 നടപ്പാക്കിയിരുന്നു. ഇപ്പോൾ കേരളത്തിൽ തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കോഴിക്കോടിന് പുറമെ പദ്ധതി നടപ്പാക്കുന്നത്. അമൃത് പദ്ധതി നടപ്പാക്കുമ്പോഴും മാസ്റ്റർ പ്ലാനിലും മറ്റും വ്യത്യാസം വരുത്തിയിരുന്നു.
പ്ലാൻ തയാറാക്കാൻ കോർപറേഷൻ അനുമതി നൽകിക്കഴിഞ്ഞതോടെ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് ജനകീയ പങ്കാളിത്തത്തോടെ പദ്ധതിയുണ്ടാക്കും. അമൃത് ആദ്യ പദ്ധതിയിൽ ഓവുചാലുകളും മലിന ജല സംസ്കരണ പദ്ധതികൾക്കും മറ്റുമായിരുന്നു പ്രാമുഖ്യം നൽകിയിരുന്നത്.
ഇതിന്‍റെ രണ്ടാം ഘട്ടത്തിൽ കുടിവെള്ള പദ്ധതിക്കാണ് പ്രാമുഖ്യം നൽകുന്നത്. നഗരവികസനത്തിന് മികച്ച ആസൂത്രണം വേണമെന്ന കേന്ദ്ര നയത്തിന്‍റെ ഭാഗമായാണ് അമൃത് 2.0 ന് പ്ലാൻ ആവശ്യപ്പെടുന്നത്. നഗര വികസനം നടപ്പാക്കുമ്പോൾ പ്രാന്ത പ്രദേശങ്ങളിൽ കുടുസ്സനുഭവപ്പെടുന്ന രീതി ഇപ്പോഴുണ്ട്.
ഇത് പരിഹരിക്കാൻ കാൽനടയാത്രക്കാർക്കും മറ്റ് പൊതു ഗതാഗത സംവിധാനങ്ങൾക്കും പ്രാമുഖ്യമുള്ള വികസനം നടപ്പാക്കാനുള്ള നയം തയാറാക്കാൻ കോർപറേഷൻ ആലോചിക്കുന്നുണ്ട്. അമൃത് 2.0ൽ നഗരത്തിന്‍റെ കേന്ദ്ര ഭാഗം ആസൂത്രിതമായി വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ ഭാഗവും എത് രീതിയിൽ വികസിപ്പിക്കണമെന്നത് തീരുമാനിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.