കോഴിക്കോട്: സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രത്യേക രാത്രികാല പരിശോധനയിൽ പുരാവസ്തുക്കൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സംഘത്തിൽപെട്ടയാളെ പൊലീസ് പിടികൂടി. വടകര താനിയുള്ള പറമ്പിൽ നൗഷാദ് (35) ആണ് അറസ്റ്റിലായത്. കൂട്ടാളി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അരലക്ഷം രൂപയോളം വിലവരുന്ന പുരാവസ്തുക്കളാണ് മോഷ്ടിച്ചത്.
രാത്രി പതിനൊന്നരയോടെയായിരുന്നു അറസ്റ്റ്. മറ്റു ജില്ലകളിൽനിന്നു വരുന്ന കലാസ്വാദകർക്കും കലാകാരന്മാർക്കും സഹായികൾക്കും രാത്രിയും പകലും ഒരുപോലെ സുരക്ഷയേകാൻ ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ നിർദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായി നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശോധനകൾ നടന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം കസബ പൊലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞത്.
മോഷണം നടത്തി വടകരയെത്തിച്ച ശേഷം സാധനങ്ങൾ കൈമാറുകയായിരുന്നു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, കസബ പൊലീസ് സബ് ഇൻസ്പെക്ടർമാരായ റസാഖ്, അനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.