കോഴിക്കോട്: പുന്നശ്ശേരി കുട്ടമ്പൂർ സ്വദേശിനി അശ്വതിയുടെ ദുരൂഹ മരണത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്ത്. മാങ്കാവ് മിനി ബൈപാസിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അശ്വതി (29) മേയ് 20നാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
19ന് പതിവുപോലെ ജോലിക്കുപോയ ഇവർ വൈകീട്ടോടെ എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായെന്ന് സഹോദരൻ ഒ. അശ്വിനെ ഫോണിൽ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിയതിനുപിന്നാലെ രാത്രിയിൽ ആരോഗ്യ നില കൂടുതൽ മോശമായതോടെ അശ്വതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഐ.സി.യുവിൽ ചികിത്സയിലിരിക്കെ 20നാണ് മരണപ്പെട്ടത്. അശ്വതി അമിതമായി ഗുളിക കഴിച്ചു എന്നാണ് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്. പിന്നീട് മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു.
ബന്ധുക്കളുടെ അന്വേഷണത്തിൽ 19ന് വീട്ടിൽ നിന്ന് ജോലിക്കുപോയ ഇവർ ജോലിസ്ഥലത്ത് എത്തിയിരുന്നില്ല എന്നാണ് വ്യക്തമായത്.
ഇതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. തുടർന്നാണ് സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കാക്കൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് പിതാവ് കെ. ബാലകൃഷ്ണനും സഹോദരൻ ഒ. അശ്വിനും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇത്ര ദിവസമായിട്ടും അശ്വതിയുടെ മൊബൈൽഫോൺ പോലും പൊലീസ് പരിശോധിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ മരണ കാരണത്തിലെ പ്രാഥമിക നിഗമനം പോലും അറിയില്ല. ജോലിക്കുപോയ അശ്വതി അന്ന് പകൽ മുഴുവൻ എവിടെയായിരുന്നു എന്നും ആരാണ് അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ചത് എന്നതും വ്യക്തമല്ല. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ആരാണ് ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമാകും എന്നിരിക്കെ ഈ നിലക്കുള്ള നടപടികളൊന്നും പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും ഓട്ടോയിലാണ് അശ്വതി ആശുപത്രിയിലെത്തിയത് എന്നാണ് ലഭിച്ച സൂചനയെന്നും ബന്ധുക്കൾ പറഞ്ഞു. അശ്വതിയുടെ ഭർത്താവ് അഖിലേഷ് എട്ടുമാസം മുമ്പ് ഗൾഫിലേക്ക് പോയിരുന്നു.
മരണശേഷം വീട്ടിലെത്തിയ ഇദ്ദേഹത്തിൽ നിന്നും ബന്ധുക്കളിൽനിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അശ്വതി ആശുപത്രിയിലെ ജീവനക്കാരുമായി നിരന്തരം സംസാരിച്ചതും പണമിടപാടുകൾ നടത്തിയതും സംശയകരമാണെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നുകാട്ടി ബന്ധുക്കൾ മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.