ആയഞ്ചേരി: സാമ്പ്രദായിക ഇംഗ്ലീഷ് ഭാഷാ പഠന രീതിയിൽ നിന്നും വ്യത്യസ്തമായി നൂതന പരിശീലന പരിപാടി ആവിഷ്കരിച്ച് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പറമ്പിൽ ഗവ.യു.പി സ്കൂൾ ശ്രദ്ധേയമാവുന്നു. സ്കൂൾ അവധിക്കാലത്ത് കഴിഞ്ഞ 10 ദിവസമായി സംഘടിപ്പിച്ച ഇംഗ്ലീഷ് ക്യാമ്പ് ശനിയാഴ്ച സമാപിച്ചു.
ഇംഗ്ലീഷ് ഭാഷ എഴുതിയും വായിച്ചും പഠിക്കുന്നതിന് പകരം കേൾക്കാനും സംസാരിക്കാനും അവസരമൊരുക്കി ഇംഗ്ലീഷ് ഭാഷയിൽ പരിശീലനം നൽകുന്ന ഇംഗ്ലീഷ് വേവ്സ് എന്ന ഭാഷാ പരിശീലനം കഴിഞ്ഞ ഒരു വർഷമായി പറമ്പിൽ ഗവ. യു.പി സ്കൂളിൽ നടപ്പിലാക്കി വരുന്നു. ഓരോ ക്ലാസിലെയും ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്ന വിദ്യാർഥികളെ കണ്ടെത്തി എല്ലാ ആഴ്ചയിലും ചോക്ലറ്റുകൾ ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുകയായിരുന്നു. പ്രശസ്ത വിദ്യാഭ്യാസ സംരംഭകരായ എഡ്യൂപോർട്ട് ആണ് ഇംഗ്ലീഷ് വേവ്സ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച നിലവാരം പുലർത്തിയ തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർഥികൾക്കാണ് ഈ വർഷം പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിന് പുറമെ പബ്ലിക്ക് സ്പീക്കിങ്, ലീഡർഷിപ് ക്വാളിറ്റി എന്നിവയിൽ ക്യാമ്പിൽ മികച്ച പരിശീലനം നൽകി. പരിശീലനം നേടിയ ജൂനിയർ ഇംഗ്ലീഷ് കോച്ചുകളായ വിദ്യാർഥികളായിരിക്കും അടുത്ത അധ്യയന വർഷം മുതൽ ഓരോ ക്ലാസിലെയും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകുക. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ട്രെയിനിങ് സ്ഥാപനമായ എഡോക്സി ട്രെയിനിങ് സെന്ററാണ് ക്യാമ്പിന്റെ മുഖ്യ പ്രായോജകർ. ഇംഗ്ലീഷ് പരിശീലകനും ലൈഫ് കോച്ചുമായ നൗഫൽ പേരാമ്പ്രയാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. പ്രധാനാധ്യാപകൻ ആക്കായിൽ നാസർ, പി.ടി.എ പ്രസിഡന്റ് തയ്യിൽ നൗഷാദ് എന്നിവർ സാങ്കേതികമായ പിന്തുണ നൽകി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.