കോഴിക്കോട്: സാംസ്കാരികതീർഥാടന കേന്ദ്രമാവുന്നവിധം വൈക്കം മുഹമ്മദ് ബഷീറിന് നഗരത്തിൽ ഉചിതമായ സ്മാരകം എത്രയും പെട്ടെന്ന് ഒരുക്കാൻ തീരുമാനം. ബേപ്പൂരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം നിര്‍മിക്കുന്നതിന് തയാറാക്കിയ കരടുരൂപരേഖയുടെ അവതരണ യോഗത്തിലാണ് തീരുമാനം. നഗരസഭ കൗണ്‍സില്‍ ഹാളിൽ നടന്ന യോഗത്തിൽ ആര്‍ക്കിടെക്ട് വിനോദ് സിറിയക്ക് തയാറാക്കിയ രൂപരേഖ അവതരിപ്പിച്ചു.
ആംഫി തിയറ്റർ, അക്ഷരത്തോട്ടം പാർക്ക്, ഓഡിറ്റോറിയം, സാംസ്കാരിക കേന്ദ്രം തുടങ്ങിയവയെല്ലാമുള്ള, ബഷീറിെൻറ ജീവിതവും സാഹിത്യവും മനസ്സിലാക്കാവുന്ന പഠന ഗവേഷണ കേന്ദ്രം കൂടിയാണ് ഉയരുക. ബഷീറിനെപ്പറ്റിയുള്ള വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ, വിവർത്തനങ്ങൾ, അദ്ദേഹത്തിെൻറ സ്മരണയുണർത്തുന്ന വസ്തുക്കൾ എല്ലാമുണ്ടാവും. കുട്ടികൾക്കും പുതുതലമുറക്കും ബഷീറിനെ അടുത്തറിയാനാവുംവിധമാവും സംവിധാനം.
നഗരസഭയുടെ സ്ഥലത്ത് സർക്കാർ ഫണ്ടുപയോഗിച്ച് ഉടൻ കേന്ദ്രം ഉയരണമെന്നും അതിനുള്ള എത്ര ഫണ്ടും ലഭ്യമാണെന്നും യോഗം വിലയിരുത്തി. നിലവിലുള്ള ബേപ്പൂർ കമ്യൂണിറ്റി ഹാളിനോട് ചേർന്നായതിനാൽ വിവാഹം പോലുള്ള കാര്യങ്ങൾക്ക് വിട്ടുകൊടുക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുയർന്നു.
എം.എൽ.എമാരായ വി.കെ.സി. മമ്മദ് കോയ, പുരുഷൻ കടലുണ്ടി, എ.പ്രദീപ് കുമാർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, സുഭാഷ് ചന്ദ്രൻ, പി.കെ. പാറക്കടവ്, എൻ.പി.ഹാഫിസ് മുഹമ്മദ്, ഖദീജ മുംതാസ്, പ്രദീപ് ഹുഡിനോ, കെ.ജെ.തോമസ് തുടങ്ങിയവർ സംസാരിച്ചു. ബഷീറിെൻറ മക്കളായ ഷാഹിന ബഷീർ, അനീഷ് ബഷീർ എന്നിവരും പങ്കെടുത്തു.
രണ്ടുമാസം മുമ്പാണ് സ്പേസ് ആർട്ട് ആര്‍ക്കിടെക്ടിനെ രൂപരേഖ തയാറാക്കാൻ ചുമതലപ്പെടുത്തിയത്. ബേപ്പൂര്‍ കമ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റി അവിടെ സ്മാരകത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കും. ഹാളിെൻറ തെക്ക് 82.69 സെൻറ് സ്ഥലമാണ് ഏറ്റെടുക്കുക. ബേപ്പൂര്‍ മണ്ഡലത്തിലെ ആയുര്‍വേദ ആശുപത്രിക്കായി കണ്ടെത്തിയ സ്ഥലമാണെങ്കിലും തീരസംരക്ഷണ നിയമപ്രകാരം കെട്ടിടം നിര്‍മിക്കാന്‍ പറ്റില്ലെന്ന് വ്യക്തമായതോടെയാണ് സ്ഥലം സ്മാരകത്തിനായി കൈമാറാന്‍ തീരുമാനിച്ചത്.
ബഷീര്‍ സ്മാരകമെന്ന ലക്ഷ്യത്തോടെ 2008ല്‍ സ്മാരക ഉപദേശകസമിതി രൂപവത്കരിച്ചിരുന്നു. സമിതി ചെയർമാൻ കൂടിയായ അന്നത്തെ സാംസ്കാരിക മന്ത്രി എം.എ. ബേബി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.