ബേപ്പൂർ: തിളങ്ങുന്ന ഞാവൽ പഴം വഴിയോര വിപണിയിൽ കൗതുകമാവുന്നു. കോഴിക്കോട് - മലപ്പുറം ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കൊതിയൂറും ഞാവൽ പഴ വിൽപന സജീവമാണ്.
ആരും ഇഷ്ടപ്പെടുന്ന ഭക്ഷ്യയോഗ്യമായ പഴമാണ് ഞാവല്പഴം. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ഞാവൽ പഴത്തിന് ആവശ്യക്കാരേറെയാണ്. കിലോ 200 രൂപയിൽ ഒട്ടും കുറയില്ല. വിലപേശിയിട്ട് കാര്യമില്ല. ഒരു രൂപപോലും കുറക്കാനാവില്ലെന്നാണ് കച്ചവടക്കാരുടെ പക്ഷം. നാട്ടിൽ പണ്ട് സുലഭമായിരുന്ന ഞാവൽമരങ്ങളും പഴവും ഇപ്പോൾ അപൂർവം. കേരളത്തിലെ ഒട്ടുമിക്ക പറമ്പുകളിലും കണ്ടിരുന്ന ഞാവൽമരം പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഫലവൃക്ഷമാണ്.
പ്രത്യേക രുചിയും ചെറിയ ചവർപ്പുമുള്ള പഴം ഔഷധസമൃദ്ധമാണ്. മധുരം, പുളി, ചവര്‍പ്പ് ഇവ ചേര്‍ന്ന സമ്മിശ്ര സ്വാദ് നാവില്‍ നിറംപിടിക്കും. കുഞ്ഞുനാളിൽ സ്കൂളുകളിൽ പോകുമ്പോൾ ഞാവൽ പഴം തിന്നാലുള്ള നാവിന്റെ നിറം പരസ്പരം കാണിക്കുന്നത് കുട്ടികളുടെ വിനോദമായിരുന്നു. മാംസളമായ ഭാഗം കഴിച്ച് കുരു കളയുന്നതാണ് മലയാളികളുടെ രീതി. എന്നാൽ കുരുവിലുമുണ്ട് പോഷക ഗുണങ്ങൾ. ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കേണ്ടത്. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ ശമിപ്പിക്കാൻ ഞാവൽ കുരുവിന്റെ പൊടി ഉത്തമമാണ്.
ഞാവൽ പഴം കഴിച്ചാൽ രോഗപ്രതിരോധ ശേഷി വർധിക്കുമെന്ന് ആയുർവേദ ശാസ്ത്രം പറയുന്നു. ഫൈബർ സമ്പന്നവും ശരീരഭാരം കുറക്കുന്നതുമാണ്. ദഹനവ്യവസ്ഥയെ സഹായിക്കുന്നതോടെ തന്നെ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു.
പഴത്തില്‍ വിറ്റമിന്‍ എ യും സി യും സമൃദ്ധിയായുണ്ട്. പ്രോട്ടീന്‍സ്, ഫാറ്റ്, ഫോസ്ഫറസ്, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വൈനും, വിനാഗിരിയും ഉണ്ടാക്കാന്‍ ഞാവല്പഴം ഉപയോഗിക്കും. മീനം, മേടം മാസങ്ങളിലാണ് ഞാവൽ പൂക്കുന്നത്. 35 ദിവസത്തിനുള്ളിൽ പഴമാകും. വേര് പിടിച്ചുകഴിഞ്ഞാൽ പിന്നീട് വലിയ പരിചരണം വേണ്ടാത്തതും നല്ല തണൽ നൽകുന്നതുമായ ഞാവൽ മരത്തെ നിലവിൽ ആരും പരിഗണിക്കുന്നില്ല.
120 വർഷം വരെ ഞാവൽ മരത്തിന് ആയുസ്സ് ഉണ്ടെന്നാണ് കണക്ക്. ഓരോ വർഷം കഴിയുമ്പോഴും തൊലിക്ക് കട്ടി കൂടുമെന്ന പ്രത്യേകതയുമുണ്ട് .ശരീരത്തിന് ദോഷ ഫലങ്ങള്‍ ഇല്ലാത്തതും കീടനാശിനി ശല്യവുമില്ലാത്ത, പ്രകൃതിയുടെ വരദാനമായ ഞാവൽ മരം പറമ്പുകളില്‍ വെച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.