കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിനെ സ്നേഹിക്കുന്നവർ കോവിഡ് കാലത്തും മുടങ്ങാതെ ബേപ്പൂരിലെ മാങ്കോസ്റ്റിൻ ചുവട്ടിലെത്തി. കോൺക്രീറ്റ് സ്മാരകങ്ങളിലല്ല ഹൃദയങ്ങളിലാണ് ജീവിക്കുന്നതെന്ന് ബേപ്പൂർ സുൽത്താൻ സ്മരണകളുണർത്തിയ ഓർമദിനം വീണ്ടും തെളിയിച്ചു.
27ാം ചരമവാര്‍ഷികത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ബേപ്പൂരിലെ വീട്ടിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. നമ്മള് 'ബേപ്പൂര്‍' പദ്ധതിയുടെ ഭാഗമായാണ് അനുസ്മരണച്ചടങ്ങ് നടത്തിയത്. ബഷീറിന് ബേപ്പൂരില്‍ സ്മാരകം നിര്‍മിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയാണ് ബഷീറിെൻറ ഓര്‍മകള്‍ ഉണര്‍ത്തുന്ന കേന്ദ്രം സ്ഥാപിക്കുക. ബഷീറിെൻറ കൃതികള്‍ എന്നും മനുഷ്യപക്ഷത്താണെന്നും അവ ഏതുകാലത്തും പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു.
ഭൂമിയിലെ സകല ചരാചരങ്ങൾക്കും മനുഷ്യനോളം അവകാശമുണ്ടെന്ന് തെൻറ രചനകളിലൂടെ പറയാൻ ശ്രമിച്ചുവെന്നതാണ് ബഷീറിെൻറ സവിശേഷതയെന്ന് വിശിഷ്ടാതിഥിയായിരുന്ന മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യര്‍ എന്നിവര്‍ ബഷീറിെൻറ കഥാസന്ദര്‍ഭങ്ങള്‍ വായിച്ചു. മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് ബഷീര്‍ എന്ന് മതിലുകൾ വായിച്ച് മമ്മൂട്ടിയും വൈക്കം മുഹമ്മദ് ബഷീറും ചാര്‍ലി ചാപ്ലിനും ഒരുപോലെയാണെന്നും കാലം കഴിയുംതോറും അവരോടും അവരുടെ കലാസൃഷ്ടികളോടുമുള്ള ഇഷ്ടം കൂടിവരുകയാണെന്നും ബാല്യകാലസഖിയിലെ വരികൾ വായിച്ചുകൊണ്ട് മഞ്ജു വാര്യരും അഭിപ്രായപ്പെട്ടു. അക്ഷരമറിയാത്ത മനുഷ്യരുമായി തന്മയീഭവിക്കാനുള്ള ആഗ്രഹം ബഷീർ ആഖ്യാനരീതികളില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കവി കെ. സച്ചിദാനന്ദന് പറഞ്ഞു.
എം.എന്‍. കാരശ്ശേരി ബഷീറിെൻറ ജീവിതത്തിലെ നര്‍മമുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചു. ബഷീറിെൻറ മക്കളായ ഷാഹിനയും അനീസും ഓര്‍മകള്‍ പങ്കുവെച്ചു. ബഷീറിെൻറ വസതിയിലും മന്ത്രിയുടെയും കോഴിക്കോട് ജില്ല കലക്ടറുടെയും ഫേസ്ബുക്ക് പേജിലും ഓണ്‍ലൈനായും അനുസ്മരണം നടന്നു.
ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. എം.പിമാരായ എം.വി. ശ്രേയംസ്കുമാര്‍, എം.കെ. രാഘവന്, ജില്ല കലക്ടര്‍ സാംബശിവ റാവു, കെ.ജെ. തോമസ്, കെ.ആര്. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.