കുറ്റ്യാടി: വലത് കനാലിന്റെ ഭാഗമായ ചാലപ്പുറം കനാലിൽ വെള്ളമെത്തിയില്ല. കനാലിന്റെ മറ്റു ഭാഗങ്ങളിലെല്ലാം സുഗമമായി വെള്ളം തുറന്നുവിട്ടിട്ടുണ്ട്. എന്നാൽ, കക്കംവെള്ളിയിൽനിന്നും ചാലപ്പുറം, വെള്ളൂർ, തൂണേരി ഭാഗങ്ങളിലേക്ക് കടന്നുപോകുന്ന കനാലിലാണ് വെള്ളം കിട്ടാതെ നാട്ടുകാർ പ്രയാസം അനുഭവിക്കുന്നത്.
വേനൽ കനത്തതോടെ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. കനാലിലെ നീരുറവയാണ് നാട്ടുകാരുടെ കുടിവെള്ളക്ഷാമത്തിന് ആശ്വാസമാവുകയും കിണറുകളിലെ ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിരുന്നത്.
യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കനാൽ തുറക്കാത്തതിന് കാരണമായി പറയുന്നത്. കനാലിന്റെ പല ഭാഗങ്ങളിലും കാട് മൂടിക്കിടക്കുകയാണ്. പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാൽ ശുചീകരണം നടത്താറുണ്ടായിരുന്നു. എന്നാൽ, തൊഴിലുറപ്പ് തൊഴിൽ ആനുകൂല്യങ്ങളിൽ നിന്നും കനാൽ ശുചീകരണം ഒഴിവാക്കി അധികൃതർ അയച്ച സർക്കുലർ തൊഴിലുറപ്പ് ജോലിക്കും തടസ്സമായി.
ഇതോടെ ഗ്രാമപഞ്ചായത്തും കനാൽ ശുചീകരണ പ്രവർത്തനത്തിൽനിന്ന് പിന്മാറുകയായിരുന്നു. കനാൽ തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തധികൃതരും നാട്ടുകാരും ജലസേചന വകുപ്പിന് നിവേദനം നൽകിയെങ്കിലും തീരുമാനമാകാതെ നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.