കോഴിക്കോട്: മലബാറിൽ ആദ്യം തുടങ്ങിയ മാർക്കറ്റുകളിലൊന്നായ സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് ഡിസംബറിൽതന്നെ തറക്കല്ലിടാൻ കോർപറേഷൻ ശ്രമം. ഇതിനായി കോർപറേഷൻ അധികൃതർ കച്ചവടക്കാരടക്കമുള്ളവരുമായി പ്രാരംഭ ചർച്ചകൾ നടത്തി. കെട്ടിടം പണിക്കുള്ള മണ്ണ് പരിശോധന പൂർത്തിയാക്കി. മൊത്തം 55.17 കോടി രൂപയിൽ നവീകരിക്കാനുള്ള പദ്ധതിക്കാണ് സർക്കാർ ഭരണാനുമതിയായത്. നേരത്തേ കോർപറേഷന്റെ 5.17 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ 50 കോടിയും ഉപയോഗിച്ച് നിർമിക്കാനായി കോർപറേഷൻ തീരുമാനിച്ച കോർട്ട് റോഡിലെ കെട്ടിടമാണ് ഫിഷറീസ് ഫണ്ട് ഉപയോഗിച്ചുതന്നെ നിർമിക്കാൻ സർക്കാർ അനുമതിയായത്.
കേന്ദ്ര സഹായത്തോടെ ആലപ്പുഴയിലും കോഴിക്കോട്ടുമാണ് മാർക്കറ്റ് ഉയരുന്നത്. മാർച്ചിനകം പ്രവൃത്തി തുടങ്ങി രണ്ട് കൊല്ലത്തിനകം പൂർത്തിയാക്കേണ്ടതിനാലാണ് നടപടികൾ പെട്ടെന്നാക്കുന്നത്. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുകയും കച്ചവടം അവിടെ നിന്ന് മാറ്റുകയും വേണം. ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ കെട്ടിടം വർഷങ്ങൾക്ക് മുമ്പ് പൊളിച്ചാണ് ഇപ്പോഴുള്ള കെട്ടിടമുണ്ടാക്കിയത്. 1906ൽ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ മത്സ്യമാർക്കറ്റിനായി സ്പേസ് ആർട്സ് തയാറാക്കിയ ഡി.പി.ആർ കോർപറേഷൻ നേരത്തേ അംഗീകരിച്ചിരുന്നു. ഹാളും കച്ചവടകേന്ദ്രവുമടങ്ങിയ രണ്ട് നിലയുള്ള കെട്ടിടത്തിൽ മത്സ്യലേലത്തിനും ചെറുകച്ചവടത്തിനുമുള്ള ഇടങ്ങളും ശീതീകരിച്ച മാർക്കറ്റും ഡോർമെറ്ററിയും വലിയ ഹാളുമുണ്ടാവും. റിക്രിയേഷൻ ഹാൾ, മീൻവിഭവങ്ങളുള്ള ഹോട്ടൽ, പാർക്കിങ് എന്നിവയെല്ലാമുണ്ട്. മീൻമണമില്ലാത്ത വിധം മുഴുവൻ ശീതീകരിച്ച ഹാളിൽ, ഇപ്പോൾ കച്ചവടം ചെയ്യുന്നവർക്കെല്ലാം സ്ഥലം നൽകും.
ബദൽ സംവിധാനം കോർട്ട് റോഡിൽതന്നെ
ഡിസംബറിൽതന്നെ നിർമാണം തുടങ്ങുന്നതിന്റെ ഭാഗമായി മാർക്കറ്റിലെ കച്ചവടം റോഡിന് എതിർവശത്തെ സ്വകാര്യ സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണനയിലാണെന്ന് കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു. താൽക്കാലിക കെട്ടിടത്തിൽ വാടക നിശ്ചയിക്കുന്നതിനായി സർവേ പൂർത്തിയായി. റവന്യൂ വിഭാഗത്തിന്റെ റിപ്പോർട്ട് ഇപ്പോൾ ജില്ല കലക്ടറുടെ പരിഗണനയിലാണ്. ഫിഷറീസ് വകുപ്പ് ഡി.പി.ആർ അംഗീകരിച്ച ശേഷമാണ് മാർക്കറ്റ് നിർമാണത്തിന് സർക്കാർ ഭരണാനുമതി ലഭിച്ചത്. മാർക്കറ്റുമായി ബന്ധപ്പെട്ടുള്ള കച്ചവടക്കാരുടെ കമ്മിറ്റി കൗൺസിലർ അധ്യക്ഷനായി രൂപവത്കരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണത്തോടെയാണ് പുതിയ കെട്ടിട നിർമാണം നടക്കുക. ലോറി പാർക്കിങ് സ്ഥലം, മാർക്കറ്റിനകത്തെ ബയോഗ്യാസ് പ്രവർത്തിക്കുന്ന സ്ഥലം എന്നിവയും ബദൽ സംവിധാനം ഒരുക്കാനായി പരിഗണിക്കുന്നുണ്ടെന്നും കൗൺസിലർ അറിയിച്ചു.
എതിർപ്പുമായി കോഓഡിനേഷൻ കമ്മിറ്റി
സെൻട്രൽ മാർക്കറ്റിന്റെ 20 വർഷം മാത്രം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നത് അനാവശ്യമാണെന്ന് ആരോപിച്ച് സെൻട്രൽ മാർക്കറ്റ് പ്രൊട്ടക്ഷൻ കോഓഡിനേഷൻ കമ്മിറ്റി രംഗത്തെത്തി. കോർപറേഷന്റെ 60 കൊല്ലം പഴക്കമുള്ള തൊട്ടടുത്തുള്ള ജവഹർ ബിൽഡിങ് കെട്ടിടം പൊളിക്കാതിരിക്കുമ്പോൾ സെൻട്രൽ മാർക്കറ്റ് കെട്ടിടം പൊളിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പി. ജമാൽ ചെയർമാനും എം. ശിവാനന്ദൻ കൺവീനറുമായ കമ്മിറ്റി കുറ്റപ്പെടുത്തി. കോർപറേഷൻ നീക്കങ്ങൾ ശക്തമായി എതിർക്കുമെന്നും കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.