കോഴിക്കോട്: കല്ലായിപ്പുഴ കൈയേറിയെന്ന പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ തമ്മിൽ വാക്കുതർക്കം. കല്ലായി പാലത്തിന് സമീപം കെട്ടിടത്തിന് പിറകുവശത്ത് 30 സെന്റിലധികം ഭൂമി കൈയേറി മണ്ണിട്ട് നികത്തിയെന്നാരോപിച്ച് കല്ലായിപ്പുഴ സംരക്ഷണ സമിതിയാണ് പരാതി നൽകിയിരുന്നത്. ഇതിന്റെയടിസ്ഥാനത്തിലെത്തിയ കസബ, പന്നിയങ്കര വില്ലേജ് ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് സ്ഥലം തങ്ങളുടെ പരിധിയിലല്ലെന്ന വാദവുമായി വാഗ്വാദത്തിലായത്. ഇതോടെ നിർത്തിവെച്ച പരിശോധന തുടങ്ങാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുഴ സംരക്ഷണ സമിതി ജില്ല കലക്ടർക്ക് പരാതി നൽകി.
2008ൽ സർക്കാർ കൈയേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ പുഴ കൈയേറ്റം കണ്ടെത്തിയതിനെ തുടർന്ന് സ്വമേധയാ സർക്കാറിലേക്ക് മാധ്യമ സ്ഥാപനം തിരിച്ചുനൽകിയ സ്ഥലം ഇപ്പോൾ ഈ കെട്ടിടം വാങ്ങിയ സ്വകാര്യ വ്യക്തി വീണ്ടും കൈയേറി പുഴയിൽ മണ്ണിട്ട് നികത്തിയെന്നാണ് ആരോപണം. കെട്ടിടത്തിന്റെ പിറകുവശത്തുകൂടി ഒഴുകുന്ന പുഴ വീണ്ടും മണ്ണിട്ട് നികത്തിയിരിക്കുന്നതിനെതിരെ താഹസിൽദാർക്ക് കഴിഞ്ഞ 26ന് പരാതി നൽകിയതിനെ തുടർന്ന് വെള്ളിയാഴ്ച കസബ വില്ലേജ് ഓഫിസർ സ്ഥലത്ത് പരിശോധനക്ക് വന്നെങ്കിലും കസബ വില്ലേജിന്റെ പരിധിയിലല്ലെന്നും പന്നിയങ്കര വില്ലേജിന്റെ പരിധിയിലാണെന്നും നിലപാടെടുക്കുകയായിരുന്നു.
തുടർന്ന് പന്നിയങ്കര വില്ലേജ് ഓഫിസറെ അറിയിച്ചതിനെ തുടർന്ന് പന്നിയങ്കര വില്ലേജ് ഓഫിസറും സ്ഥലത്തെത്തി. രണ്ട് വില്ലേജിന്റെയും രേഖയിൽ സ്ഥലമില്ലെന്നുപറഞ്ഞ് ഇരുവരും അതിർത്തിക്കാര്യത്തിൽ തർക്കിച്ചു. മണ്ണിട്ട് നികത്തിയതിനെതിരെ നടപടിയെടുക്കാനാവാതെ ഇരുവരും തിരിച്ചു പോയി. ഈ സാഹചര്യത്തിലാണ് സർവേ നടത്താൻ കല്ലായിപ്പുഴ സംരക്ഷണ സമിതി പ്രസിഡന്റ് എസ്.കെ. കുഞ്ഞിമോൻ ജില്ല കലക്ടർക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.