കോഴിക്കോട്: അപകടാവസ്ഥയിലായ നഗരത്തിലെ ആദ്യത്തെ മേൽപാലം സി.എച്ച്. മുഹമ്മദ് കോയ ഫ്ലൈ ഓവർ ബ്രിഡ്ജ് 4.22 കോടി ചെലവിൽ നവീകരിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ പാലത്തിൽ ഗതാഗതം തടയും. നഗരത്തിലെ പ്രധാന വഴികളിലൊന്ന് അടയുന്നതോടെ ഗതാഗതക്കുരുക്കുണ്ടാവാൻ സാധ്യതയേറി. രണ്ടുമാസത്തേക്ക് പാലം അടക്കുമ്പോൾ ഗതാഗത നിയന്ത്രണത്തിനും മറ്റുമായി 60 പൊലീസ് സേനാംഗങ്ങളെയും 60 ഹോം ഗാർഡുകളെയും അധികം നിശ്ചയിക്കാനാണ് തീരുമാനം.
ചൊവ്വാഴ്ച മുതൽ നഗരത്തിൽ ഗതാഗത സംവിധാനത്തിൽ കാര്യമായ മാറ്റമുണ്ട്. ഇതിനായി ബോർഡുകളും മറ്റും സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. പാലത്തിന്റെ സ്ലാബിന്റെ ഭാഗം അടർന്നുവീണതിനെ തുടർന്നാണ് അടിയന്തരമായി നന്നാക്കാൻ തീരുമാനമായത്. പൊതുമരാമത്ത് ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിന്റെയടിസ്ഥാനത്തിലാണ് സർക്കാർ പാലം നന്നാക്കാൻ ഉത്തരവിറക്കിയത്.
ഹൈവേ ബ്രിഡ്ജ്സ് ആൻഡ് റിസർച്ച്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പണിയുടെ മികവുകുറവ് കാരണം 12 ഭാഗത്ത് സ്ലാബ് അടർന്നുവീണതായി കണ്ടെത്തിയിരുന്നു. പാലത്തിന്റെ അടിഭാഗത്താണ് പ്രധാന പണിയെങ്കിലും വാഹനങ്ങൾ ഓടുന്നത് ഗുണകരമല്ലെന്ന് കണ്ടെത്തിയാണ് ഗതാഗതം തടയുന്നത്. പുതിയ കൈവരിയും നടപ്പാതയും പെയിന്റുമെല്ലാമായി മേൽപാലം അടിമുടി മാറും.
മാർച്ച് 10നാണ് ബലപ്പെടുത്തൽ തുടങ്ങിയത്. ഹാൻഡ് റെയിൽ കാന്റിലിവർ പുതിയ വാർപ്പിൽ ബലപ്പെടുത്തിയെടുക്കും. മുംബൈ ആസ്ഥാനമായ സെട്രക്ചറൽ സ്പെഷാലിറ്റീസ് എന്ന കമ്പനിയാണ് പാലം നന്നാക്കാൻ കരാറെടുത്തത്. ഒമ്പതു മാസംകൊണ്ട് പണി തീർക്കണമെന്നാണ് കരാർ. ‘കതോഡിക് പ്രൊട്ടക്ഷൻ’ രീതിയിലുള്ള ബലപ്പെടുത്തലാണ് നടക്കുന്നത്. കമ്പികളിലെ തുരുമ്പ് പുതിയ സാങ്കേതിക വിദ്യയിലൂടെ പൂർണമായി തടയുകയാണ് രീതി. കൈവരികളിൽ ആദ്യമായി ഈ രീതി നടപ്പാക്കും. ഹൈഗ്രേഡ് കോൺക്രീറ്റിട്ട ശേഷം ആൻഡി കാർബനൈറ്റ് കോട്ടിങ്ങും നൽകും.
1984ലാണ് മൂന്നാം റെയിൽവേ ഗേറ്റിന് കുറുകെ റെഡ് ക്രോസ് റോഡിൽ 25 സ്പാനുകളും 300 മീറ്ററോളം നീളവുമുള്ള മേൽപാലം നിർമിച്ചത്. അതിനു മുമ്പ് ഒന്നാം ഗേറ്റിന് കുറുകെ പണിത ഓവർ ബ്രിഡ്ജ് മാത്രമായിരുന്നു നഗരത്തിലുണ്ടായിരുന്നത്. എന്നാൽ, സി.എച്ച് മേൽപാലം വന്നപ്പോൾ പാലത്തിനടിയിലൂടെ വാഹനങ്ങൾ കടന്നുപോവുന്ന സംവിധാനം കേരളത്തിൽതന്നെ അപൂർവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.