കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ദേശീയ ജിംനാസ്റ്റിക്സ് മത്സരത്തിന് ആതിഥ്യമരുളുമ്പോൾ അത്യധികം സന്തോഷിക്കുന്ന രണ്ടുപേരുണ്ട് കോഴിക്കോട്ട്; ക്ലംപർ അക്കാദമി കോച്ചുമാരായ ടി. ജംഷീറും സി.കെ. നൗഷാദും. എൺപതുകളിൽ ജിംനാസ്റ്റിക്സ് ഏറെയൊന്നും പരിചയമില്ലാത്ത കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ പരിശീലനം നേടി ദേശീയ മത്സരങ്ങളിൽവരെ പങ്കെടുത്ത് വിജയികളായെങ്കിലും തങ്ങൾക്ക് പഠിപ്പിക്കാൻ രണ്ടുപേരെ തേടിയലഞ്ഞ കാലമാണ് ഇന്ന് ഇരുവരും അയവിറക്കുന്നത്.
കോഴിക്കോട്ട് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തിന്റെ 71 പേർ പങ്കെടുക്കുമ്പോൾ 41 പേരും ഇവരുടെ ശിഷ്യരായ കോഴിക്കോട്ടുകാരാണ്. വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്യുന്നവരിൽ ഏറെയും ഇവരുടെ ശിഷ്യർതന്നെയാണ്. പരിശീലനം തേടിവരുന്ന എല്ലാവർക്കും പ്രവേശനം നൽകാൻ കഴിയുന്നില്ലെന്ന നിരാശമാത്രമാണ് ഇന്ന് ഇരുവർക്കും. ദേശീയ ചാമ്പ്യൻഷിപ്പിന് വിവിധ സംസ്ഥാനങ്ങളിൽ കുട്ടികളുമായി പങ്കെടുത്തെങ്കിലും സ്വന്തം മണ്ണിൽ ഒരു മത്സരത്തിന് അവസരമൊരുക്കണമെന്നത് ഇരുവരുടെയും അടങ്ങാത്ത ആഗ്രഹമായിരുന്നു.
മത്സരം ഏറ്റെടുത്തു നടത്താൻ സംസ്ഥാനത്തിനും ജില്ലക്കും അവസരം വന്നപ്പോൾ ഒരുവിധ ആലോചനയും വേണ്ടിവന്നില്ല ഇവർക്ക് സമ്മതം മൂളാൻ. സംസ്ഥാന ജിംനാസ്റ്റിക്സ് ഫെഡറേഷന്റെയും ജില്ല സ്പോർട്സ് കൗൺസിലിന്റെയും ജില്ല അസോസിയേഷന്റെയും അക്കാദമിയുടെ രക്ഷാകർത്താക്കളുടെയും പിൻബലത്തിൽ ഏറ്റെടുക്കുകയായിരുന്നു.
2008 ൽ അക്കാദമി ആരംഭിക്കുമ്പോൾ രണ്ടുപേരായിരുന്നു ഉണ്ടായിരുന്നതെന്നും ഇപ്പോൾ ഇരുന്നൂറോളം പേർ കോഴിക്കോട് മാത്രമുണ്ടെന്നും ജംഷീർ പറഞ്ഞു. സിനിമകളിൽ കണ്ട പരിചയത്തിൽമാത്രം കടപ്പുറത്തെ പൂഴിപ്പരപ്പിൽ പരിശീലനം നടത്തിയ ഇവർ ഇന്ന് ജിംനാസ്റ്റിക്സിന്റെ അവസാന വാക്കുകളാവുകയാണ്. ഇത്തവണയും തങ്ങളുടെ കുട്ടികളിൽ ഏറെപേരും വിവിധ ഇനങ്ങളിൽ ദേശീയതലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുമെന്നും ഇവർ ഉറപ്പുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.