കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്നതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് മൂന്നുവർഷമായിട്ടും നടപടികൾ അകലെ. ആധുനിക നെയ്ത്തുശാല തുടങ്ങാൻ വഴിയൊരുക്കി നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2018 ഫെബ്രുവരിയിലാണ് അംഗീകാരം നൽകിയത്. തുടർന്ന് സംസ്ഥാന നിയമവകുപ്പ് ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. എന്നാൽ, ലാൻഡ് കമീഷണറെ ചുമതലപ്പെടുത്തി തുടർ നടപടി സ്വീകരിക്കുന്നതടക്കമുള്ള നടപടികളാണ് വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത്.
ആദ്യഘട്ടത്തിൽതന്നെ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പ്രതികൂല നിലപാടെടുത്തതാണ് പ്രതിസന്ധിയായതെന്നാണ് സംയുക്ത സമരസമിതി കുറ്റപ്പെടുത്തുന്നത്. ഇടക്കാലത്ത് വ്യവസായ മന്ത്രിയായ എ.സി. മൊയ്തീൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് കോർപറേഷനോട് പദ്ധതിയുണ്ടാക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് മന്ത്രി മാറിയതോടെ നടപടികൾ വീണ്ടും അവതാളത്തിലായി.
മുൻ എൽ.ഡി.എഫ് സർക്കാർ ഒാർഡിനൻസിലൂടെ 2010 ജൂൺ ഒമ്പതിന് കോംട്രസ്റ്റ് ഏറ്റെടുത്തിരുന്നുവെങ്കിലും ബിൽ അവതരിപ്പിച്ച് അംഗീകാരത്തിനയക്കാനായിരുന്നു കേന്ദ്രത്തിെൻറ നിർദേശം.
തുടർന്നുവന്ന യു.ഡി.എഫ് സർക്കാർ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് കോർപറേഷെൻറ നേതൃത്വത്തിൽ ആധുനിക നെയ്ത്ത് ഫാക്ടറിയും ഇൻസ്റ്റിറ്റ്യൂട്ടും ഹെറിറ്റേജ് മ്യൂസിയവും വിഭാവനം ചെയ്തും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള ബിൽ 2015 ജൂലൈ 25ന് നിയമസഭയിൽ പാസാക്കി കേന്ദ്രത്തിന് അയച്ചു. ബില്ലിന് അംഗീകാരം ലഭിച്ചതോടെ അവശേഷിക്കുന്ന 1.5547 ഹെക്ടർ ഭൂമി സർക്കാർ നിയന്ത്രണത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിച്ചത്.
ഫാക്ടറി അടച്ചുപൂട്ടുേമ്പാൾ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. സമരങ്ങൾക്കൊടുവിൽ മാനേജ്മെൻറ് മുന്നോട്ടുെവച്ച ആനുകൂല്യങ്ങൾ കൈപ്പറ്റി 180 പേർ പിരിഞ്ഞുപോയി. അവശേഷിച്ച 107 തൊഴിലാളികളിൽ നാലുപേർ മരിച്ചു. നിലവിൽ കെ.എസ്.ഐ.ഡി.സി മുഖേന പ്രതിമാസം സർക്കാർ അനുവദിക്കുന്ന 5000 രൂപ മാത്രമാണ് തൊഴിലാളികളുടെ ആശ്വാസം. ഇതുതന്നെ നിർത്തലാക്കിയെങ്കിലും തൊഴിലാളികൾ കോടതിയെ സമീപിച്ച് പുനഃസ്ഥാപിക്കുകയായിരുന്നു. ഫാക്ടറി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യവും നല്‍കണമെന്നും 2017 മാർച്ച് 31ന് വ്യവസായ ട്രൈബ്യൂണൽ വിധിച്ചിരുന്നു.
എന്നാൽ, ബന്ധപ്പെട്ടവർ ഹൈകോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ച് നീട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. കമ്പനി അടച്ചുപൂട്ടി പത്തുവർഷമായപ്പോഴാണ് ഏറ്റെടുക്കാൻ അനുമതി ലഭിച്ചത്. ഇപ്പോൾ മൂന്നുവർഷമായിട്ടും നടപടികൾ തുടങ്ങിയേടത്തുതന്നെ നിൽക്കുകയാണ്.
നിലവിൽ കെട്ടിടങ്ങളുടെ പലഭാഗവും നിലംപൊത്തിയിട്ടുണ്ട്. ഭൂമിയും കെട്ടിടവും സർക്കാർ ഏറ്റെടുക്കണമെന്നും തൊഴിലും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും സംയുക്ത സമരസമിതി കൺവീനർ ഇ.സി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.