കോഴിക്കോട്: കോവിഡ് അടച്ചുപൂട്ടലുകൾക്ക് പിറകെ വഴി നീളെ കച്ചവടം തുടങ്ങിയിരിക്കുകയാണ് ജനം. എല്ലാ വഴിയോരവും വിപണിയാക്കിയാണ് കോവിഡ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയെ ജനം മറികടക്കാൻ ശ്രമിക്കുന്നത്. സംസ്ഥാന പാതകൾ മുതൽ നാട്ടിലെ പ്രാദേശിക അങ്ങാടികൾ വരെ വഴിയോരക്കച്ചവടങ്ങളാണ്. പുതിയ കച്ചവടങ്ങൾ തുടങ്ങിയതോടെ അംഗീകാരമുള്ള തെരുവ് കച്ചവടക്കാരുടെ വഴി മുട്ടിയിരിക്കുകയാണ്.
പ്രധാനമായും മത്സ്യക്കച്ചവടമാണ് വഴിയോരത്ത് നടക്കുന്നത്. കപ്പ, ബിരിയാണി, ചെടികൾ, പഴം, പച്ചക്കറി, ചെടിച്ചട്ടികൾ, മത്സ്യക്കുഞ്ഞുങ്ങൾ, കോഴിക്കുഞ്ഞുങ്ങൾ തുടങ്ങി ഉപ്പിലിട്ടതും ലഘുഭക്ഷണങ്ങളും ഉൾപ്പെടെ എല്ലാതരം ഉൽപന്നങ്ങളും റോഡരികിൽ ലഭിക്കും. ബസ് ജീവനക്കാർ, േഹാട്ടലുകാർ, ഓട്ടോ ഡ്രൈവർമാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് ജോലി നഷ്ടമായവർ തുടങ്ങിയവരെല്ലാമാണ് വഴിയോരക്കച്ചവടത്തിനിറങ്ങിയത്.
അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ് ഭൂരിഭാഗം കച്ചവടവും. തട്ടുകടകളും ഉന്തുവണ്ടികളും അധികൃതരിൽനിന്ന് അനുമതി തേടി നികുതി അടച്ചാണ് കച്ചവടം ചെയ്യുന്നത്.
വളരെ കുറച്ച് ആളുകൾ മാത്രമാണ് വീടിനു പുറത്തിറങ്ങുന്നത്. അവരിൽതന്നെ സാധനങ്ങൾ വാങ്ങുന്നവരും കുറവ്. ഇൗ സമയത്ത് കച്ചവടക്കാരുടെ എണ്ണം കൂടുന്നത് പ്രതിസന്ധി മാത്രമാണ് സൃഷ്ടിക്കുന്നതെന്ന് തെരുവ് കച്ചവടക്കാർ പറയുന്നു. കേടാവുന്ന സാധനങ്ങൾ നഷ്ടത്തിന് വിൽക്കാൻ നിർബന്ധിതരാവുകയാണ്. പലരും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വരെ വിൽക്കുന്നു.
അംഗീകൃത കച്ചവടക്കാരെ അധികൃതർ തടയുേമ്പാഴും അല്ലാത്ത കച്ചവടം വ്യാപകമാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കച്ചവടം നടത്താൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വഴിയോര കച്ചവടക്കാരോടുള്ള അനീതി അവസാനിപ്പിക്കണം
കോവിഡ് ഭീതിയിൽ പ്രതിസന്ധിയിലായ വഴിയോര കച്ചവടക്കാർക്ക് പ്രോട്ടോകോൾ പാലിച്ച് കച്ചവടം ചെയ്യാനുള്ള അനുമതി നൽകണമെന്ന വഴിയോര കച്ചവട പരിഹാര സമിതിയുടെ വിധി അടിയന്തരമായി നടപ്പാക്കണമെന്ന് ജില്ല വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (എസ്.ടി.യു) ആവശ്യപ്പെട്ടു.
മാസങ്ങളായി പട്ടിണിയിലായ വഴിയോര കച്ചവടക്കാരോട് ഉദ്യോഗസ്ഥർ ധിക്കാരനിലപാടാണ് സ്വീകരിക്കുന്നത്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അംഗീകൃത ബാഡ്ജ് ലഭിച്ചിട്ടുള്ള വഴിയോര കച്ചവടക്കാർ റോഡിലിറങ്ങി കച്ചവടം ചെയ്യാൻ നിർബന്ധിതരാകുമെന്ന് യൂനിയൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.