കോഴിക്കോട്: ഓണക്കാലത്ത് നിന്നുതിരിയാനിടമില്ലാതെ കച്ചവടക്കാരെക്കൊണ്ട് നിറയുന്ന മാനാഞ്ചിറയുടെ നടപ്പാതകൾ ഇത്തവണ ഓണം വന്നതുപോലും അറിഞ്ഞിട്ടില്ല. മാനാഞ്ചിറയിെല ബസ്സ്റ്റോപ്പുകൾക്കുള്ളിൽ പോലും കച്ചവടക്കാർ നിറഞ്ഞുനിന്നിരുന്ന ഇടത്ത് ഇത്തവണ ബസ് കാത്തു നിൽക്കുന്നവർ പോലും ഇല്ലാത്ത അവസ്ഥയാണ്.
മാനാഞ്ചിറക്കു ചുറ്റുമുള്ള നടപ്പാതകൾ, പാവമണി റോഡ്, കമീഷണർ ഓഫിസിനു മുൻവശം എന്നിവിടങ്ങളിലെല്ലാം തുണിക്കച്ചവടമാണ് തകൃതിയായി നടക്കാറുള്ളത്. മറ്റു ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നൂറുകണക്കിന് കച്ചവടക്കാർ അത്തത്തിനു മുമ്പുതന്നെ ഇവിടെയെത്തി സ്ഥലം പിടിക്കാറുണ്ട്. കുട്ടികൾക്കുള്ള ഉടുപ്പുകൾ, ഷർട്ടുകൾ, സെറ്റ് മുണ്ട്, കേരള സാരി എന്നിവയാണ് പ്രധാന വിൽപന. വിരികളും കർട്ടനുകളും കത്തി, വെട്ടുകത്തി തുടങ്ങിയ അടുക്കള ഇനങ്ങളും സ്ഥിരമായി വിൽപനക്ക് ഉണ്ടാകാറുണ്ട്. നടപ്പാതയിലുള്ള വിൽപനയായതിനാൽ ആളുകളുടെ തിരക്കും കൂടുതലായിരുന്നു. അത്തത്തിനു രണ്ടും മൂന്നും ദിവസം മുമ്പുതന്നെ നടപ്പാതയിൽ ഷീറ്റ് കെട്ടി കടയൊരുക്കൽ തുടങ്ങും. ഉത്രാടത്തിനാണ് തിരക്ക് വർധിക്കുക. ഓണം കഴിഞ്ഞ് രണ്ടുദിവസങ്ങൾക്കുശേഷം കടകൾ ഒഴിയും.
എല്ലാവർഷവും നഗരത്തിലെ നടപ്പാതകൾ ഓണവും വിഷുവും വരുന്നത് അറിയുക ഇൗ കച്ചവടക്കാരുടെ വരവോടെയാണ്. എന്നാൽ ഇത്തവണ തെരുവു കച്ചവടം അനുവദിക്കാത്തതിനാൽ നടപ്പാതകൾ വിജനമാണ്. അടുത്ത ഓണത്തിന് കച്ചവടം പൊടിെപാടിക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.