കോഴിക്കോട്: 450 കോടി ചെലവുവരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നവീകരണം 2027 ജൂണിൽ യാഥാർഥ്യമാകും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എം.കെ. രാഘവൻ എം.പി, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടെ ഉന്നതതല യോഗത്തിനു ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി, നിർമാണ പ്രവൃത്തികളിൽ പൂർണ തൃപ്തി പ്രകടിപ്പിച്ചു.
അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളത്തിലെതന്നെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങുകയാണ് കോഴിക്കോട്. വിമാനത്താവളത്തിന്റെ അത്യന്താധുനിക സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒരിഞ്ച് ഭൂമിപോലും ഏറ്റെടുക്കാതെ റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്താണ് നിർമാണം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്, ഹെൽത്ത് യൂനിറ്റ്, മൾട്ടിലെവൽ പാർക്കിങ് പ്ലാസ എന്നിവയടക്കം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഒരു കെട്ടിടം പൂർത്തിയാക്കി അടുത്ത കെട്ടിടം പൂർത്തിയാക്കുക എന്ന രീതിയിലല്ല, എല്ലാ പ്രവർത്തനങ്ങളും ഒരുമിച്ചു പൂർത്തിയാക്കുന്ന രീതിയിൽ വെർട്ടിക്കലായാണ് പണി പൂർത്തിയാക്കുകയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വരുന്ന ജൂണിൽ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും. കോർപറേഷൻ, പി.ഡബ്ല്യു.ഡി എന്നിവരുമായി ചർച്ച ചെയ്തശേഷം റോഡ് കണക്ടിവിറ്റിയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
നവീകരണത്തിനൊപ്പം കെ-റെയില്‍, ലൈറ്റ് മെട്രോ, റെയിൽപാത വികസനം എന്നീ പദ്ധതികൾക്കും ഇടം നീക്കിവെച്ചിട്ടുണ്ട്. കിഴക്കുവശത്ത് ലൈറ്റ് മെട്രോക്കും പടിഞ്ഞാറുഭാഗത്ത് കെ- റെയിലിനുമാണ് സ്ഥാനം നിര്‍ണയിച്ചത്. പടിഞ്ഞാറുഭാഗത്ത് പുതുതായി നിര്‍മിക്കുന്ന ടെര്‍മിനല്‍ കെട്ടിടത്തിനും നിലവിലുള്ള നാലാം പ്ലാറ്റ്ഫോമിനും ഇടയില്‍ പുതുതായി രണ്ട് ട്രാക്കുകള്ക്കുകൂടിയുള്ള സ്ഥാനവും നിര്‍ണയിച്ചിട്ടുണ്ട്.
സ്റ്റേഷന്റെ തെക്കുകിഴക്ക് ഭാഗത്ത് ആനി ഹാള്‍ റോഡ്, റെയില്‍വേ റോഡുമായി ചേരുന്ന ഭാഗത്താണ് ലൈറ്റ് മെട്രോക്ക് സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിലേക്ക് റെയില്‍വേ സ്റ്റേഷന്റെ കിഴക്കന്‍ ടെര്‍മിനലില്‍നിന്ന് എട്ടുമീറ്റര്‍ ഉയരത്തില്‍ ആകാശപ്പാതയും നിര്‍മിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.