കോഴിക്കോട്: മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം തലവൻ ഡോ. പി.പി. വേണുഗോപാലിെൻറ പേരിൽ കോവിഡ് സംബന്ധിച്ച് വ്യാജ സന്ദേശം പരക്കുന്നു. കോവിഡ് മൂന്നാം തരംഗം അതിഗുരുതരമാണെന്നും ഡെൽറ്റ വകഭേദത്തോടൊപ്പം പുതിയ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്ന സന്ദേശത്തിൽ ഈ വൈറസ് ബാധിച്ചാൽ ചുമയോ പനിയോ ഉണ്ടാകില്ലെന്നും വൈറസ് നേരിട്ട് ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ മരണസാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ് നൽകുന്നു. പലപ്പോഴും കോവിഡ് പരിശോധനകളിൽ നെഗറ്റിവ് ഫലം കാണിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. എന്നാൽ, ഈ സന്ദേശവുമായി തനിക്ക് ബന്ധമില്ലെന്നും അതിൽ പറയുന്ന കാര്യങ്ങളുടെ ആധികാരികത സംബന്ധിച്ച് അറിയില്ലെന്നും ഡോ. വേണുഗോപാൽ വ്യക്തമാക്കി.
ആരോ തെൻറ പേരും സ്ഥാനവും ആശുപത്രിയുടെ പേരും ഉപയോഗിച്ച് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയാണ്. ഒരു മാസം മുമ്പ് സന്ദേശം ഇംഗ്ലീഷിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രചരിപ്പിക്കുന്നുണ്ട്. അന്ന് പരാതി നൽകിയിരുന്നെങ്കിലും നടപടി ആയിട്ടില്ല.മലയാളത്തിൽ സന്ദേശം പ്രചരിക്കാൻ തുടങ്ങിയപ്പോൾ ഇതു ചേർത്ത് വീണ്ടും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.