കോഴിക്കോട്: മെഡിക്കൽ കോളജ് കാൻസർ കെയർ സെന്ററിൽ ആരോഗ്യ ഇൻഷുറൻസ് നടപടികൾ വൈകുന്നത് കാരണം കീമോക്കുള്ള മരുന്ന് കിട്ടാതെ രോഗികൾ ദുരിതത്തിലായി. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നെത്തുന്ന രോഗികളെയടക്കം സാങ്കേതിക തകരാറുകൾ പറഞ്ഞ് തിരിച്ചയക്കുകയാണെന്നാണ് പരാതി.
രണ്ടുദിവസം മുമ്പ് വയനാട്ടിൽനിന്നെത്തിയ രോഗിക്ക് കഴിഞ്ഞദിവസം രാത്രിയോടെയാണ് മരുന്ന് ലഭിച്ചത്. ഡോക്ടറെ കണ്ട് പരിശോധനകൾക്കുശേഷം മണിക്കൂറുകൾ കാത്തിരുന്നാലും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്തതാണ് രോഗികളെ ദുരിതത്തിലാക്കുന്നത്.
രാവിലെ മുതൽ കാൻസർ കെയർ സെന്ററിന് പുറത്ത് കാത്തിരിക്കുന്നവരോട് വൈകീട്ട്, ഇന്ന് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയില്ല നാളെ വരൂ എന്നുപറഞ്ഞ് തിരിച്ചയക്കുന്നത് പതിവാണെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു.
ആരോഗ്യ ഇൻഷുറൻസിന് രോഗികളുടെ പഞ്ചിങ് നിർബന്ധമായതിനാൽ ഭക്ഷണം പോലും കഴിക്കാതെയാണ് രോഗികൾ ഇവിടെ കാത്തിരിക്കുന്നത്. ഇത് മെഡിക്കൽ കോളജിൽ എത്തുന്ന സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കുകയാണ്. ഒരു കീമോയുടെ മരുന്നിന് പുറത്ത് 3500 രൂപ വരെ വില വരും. ഇത് സാധാരണക്കാരായ രോഗികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.
സെർവറിന്റെ സാങ്കേതിക തകരാറ് കാരണം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ് ഇൻഷുറൻസ് വിഭാഗത്തിൽ നിന്ന് രോഗികളെ അറിയിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ്, കാരുണ്യ പദ്ധതികളിലായി മെഡിക്കൽ കോളജിൽ എത്തുന്ന ബഹുഭൂരിഭാഗം രോഗികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നുണ്ടെന്നും രോഗികളുടെ ആധിക്യമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.