കോഴിക്കോട്: ഏറെക്കാലമായി അനിശ്ചിതത്വത്തിലുള്ള രാമനാട്ടുകര - വെങ്ങളം ബൈപ്പാസ് ആറു വരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണം ആഗസ്റ്റ് പത്തിന് മുമ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനൽകിയതായി എം.കെ. രാഘവന് എം.പി അറിയിച്ചു.
വ്യാഴാഴ്ച പാര്‍ലമെൻറിലെ മന്ത്രി ഗഡ്കരിയുടെ ഓഫിസില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഉറപ്പുനൽകിയത്. ദേശീയപാത അതോറ്റി പ്രോജക്ട്സ് അംഗം ആര്.കെ. പാണ്ഡെ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. രണ്ടു വര്‍ഷത്തിനുള്ളിൽ പൂര്‍ത്തിയാകേണ്ട പദ്ധതി മൂന്ന് വര്‍ഷമായും തുടങ്ങാതിരുന്നത് എം.പി യോഗത്തില്‍ വിശദീകരിച്ചതോടെ പദ്ധതിക്ക് കരാര്‍ എടുത്ത ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി കമ്പനി എം.ഡി വിക്രം റെഡ്ഡിയെ ഗഡ്കരി ഫോണില്‍ നേരിട്ട് വിളിക്കുകയും അന്ത്യശാസനം നല്‍കുകയുമായിരുന്നു. ആഗസ്റ്റ് 10നകം നിര്‍മാണം തുടങ്ങണമെന്നാവശ്യപ്പെട്ട് മന്ത്രി നൽകിയ നിർദേശം കമ്പനി അംഗീകരിക്കുകയായിരുന്നു.
കെ.എം.സിക്ക് നേരത്തേയുണ്ടായിരുന്ന സാമ്പത്തികപ്രശ്നങ്ങളും സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളില്‍ ഓഹരി എടുത്ത, ഈ മേഖലയിൽ മുൻപരിചയമില്ലാത്ത സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍കെലും ആണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് യോഗം വിലയിരുത്തി.
പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനികള്‍ മാറിവരുന്നതിലും എം.പി ആശങ്ക അറിയിച്ചപ്പോള്‍ മന്ത്രിതന്നെ നേരിട്ട് മേല്‍നോട്ടം വഹിക്കാമെന്ന് ഉറപ്പുനൽകി. ആഗസ്റ്റിൽ പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിനും നിയമ പോരാട്ടത്തിനും ബഹുജന പ്രക്ഷോഭത്തിനും നേതൃത്വം നല്‍കുമെന്നും എം.കെ. രാഘവൻ വ്യക്തമാക്കി.
പ്രവൃത്തി ഉദ്ഘാടനം നടന്നത് ഒക്ടോബറിൽ
കോഴിക്കോട്: ആറുവരിപ്പാത നിർമാണപ്രവൃത്തി ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി നിർവഹിച്ചത് കഴിഞ്ഞ ഒക്ടോബറിൽ. എന്നാൽ, കരാറേറ്റെടുത്ത കമ്പനിയുടെ അനാസ്ഥകാരണം നിർമാണം വർഷത്തോളമായി നീളുകയായിരുന്നു. വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയരുകയും സംസ്ഥാന സർക്കാറും എം.കെ. രാഘവൻ എം.പിയും സമ്മർദം ശക്തമാക്കുകയും ചെയ്തതോടെയാണ് പ്രവൃത്തി ഉടനാരംഭിക്കാനുള്ള വഴിതെളിഞ്ഞത്. രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്റർ ബൈപാസ് ആറുവരിയാക്കുന്നതിന് 1700 കോടിയിലേറെ രൂപയാണ് ചെലവ്.
വെങ്ങളം, തൊണ്ടയാട്, പൂളാടിക്കുന്ന്, സൈബർപാർക്ക്, ഹൈലൈറ്റ് മാൾ, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ജങ്ഷൻ എന്നിവിടങ്ങളിൽ ഏഴു മേൽപാലങ്ങൾ പണിയും. ഇതിൽ തൊണ്ടയാടും രാമനാട്ടുകര ജങ്ഷനിലുമുള്ള പാലങ്ങളുടെ വീതികൂട്ടുകയാണ് ചെയ്യുക. മൊകവൂർ, കൂടത്തുംപാറ, അമ്പലപ്പടി, വയൽക്കര എന്നിവിടങ്ങളിൽ അടിപ്പാതകളും നിർമിക്കും. വലിയ വാഹനങ്ങൾ പൂർണമായും ബൈപാസ് വഴി കടന്നുപോവുന്നതോടെ നഗരത്തിലെ തിരക്ക് കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.