കോഴിക്കോട്: 27 വയസ്സ് പൂർത്തിയാവുന്ന പുതിയാപ്പ മത്സ്യബന്ധന തുറമുഖത്ത് ഒരുക്കിയ പുതിയ സൗകര്യങ്ങൾ മങ്ങിയതായി പരാതി. തെക്കേ പുലിമുട്ടില്‍നിന്ന് 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികൾ, 27 ലോക്കര്‍ മുറികൾ, 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുകൾ എന്നിവ കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചിരുന്നു.
ഹാര്‍ബറിലേക്കുള്ള 300 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ്, ശുദ്ധജല വിതരണ സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. എന്നാൽ, ഫിംഗർ ജെട്ടികളിൽ വിളക്കുകൾ സ്ഥാപിക്കാത്തതും മണ്ണടിഞ്ഞതിനാൽ ബോട്ടുകൾ അടിതട്ടുന്നതും നിരീക്ഷണ കാമറകൾ പലതും നിലച്ചതും ട്രോളിങ് നിരോധനം കഴിഞ്ഞ് വീണ്ടും ഹാർബർ സജീവമായപ്പോൾ തൊഴിലാളികൾക്ക് പ്രശ്നമായെന്നാണ് പരാതി. ബുധനാഴ്ച ഹാർബറിൽ ബോട്ടിന് തീപിടിച്ചപ്പോൾ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.പി. ഷൺമുഖൻ പറഞ്ഞു.
ഫിംഗർ ജെട്ടിയിലെ ബോട്ടിലും വള്ളത്തിലും സാധനം കയറ്റാനും ഇറക്കാനും വെളിച്ചമില്ലാത്തതിനാൽ വലിയ പാടാണ്. മൊബൈൽ വെളിച്ചവും ബോട്ടിലെ ലൈറ്റുമൊക്കെയാണ് ആശ്രയം. വെളിച്ചമില്ലാത്തതിനാൽ അതിരാവിലെയെത്തുന്നവർക്ക് തെരുവുനായുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം നേരിടേണ്ടിവരുന്നു. ബോട്ടുകളുടെയും മറ്റും അറ്റകുറ്റപ്പണിക്കുള്ള സൗകര്യവും കുറവാണ്. ആഴം കൂട്ടാനായി ഹാർബറിൽ മണ്ണ് നീക്കണമെന്നാണ് ആവശ്യം. ഈയിടെ നടന്ന മന്ത്രിയുടെ തീരദേശസദസ്സിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും നടപടിയായില്ല. രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്.കെ.വി.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി ചെലവിലാണ് പുതിയാപ്പയിൽ കഴിഞ്ഞ കൊല്ലം പുതിയ നിർമാണം പൂർത്തിയാക്കിയത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് പണിതീർത്തത്. 1982ല്‍ വിഭാവനംചെയ്ത പുതിയാപ്പ ഫിഷിങ് ഹാര്‍ബര്‍ 1996ലാണ് കമീഷന് ചെയ്തത്. ശരാശരി 30 അടി ദൈര്‍ഘ്യമുള്ള 250 യാനങ്ങള്‍ക്കുവേണ്ടിയുള്ള രൂപരേഖയായിരുന്നു അന്ന് തയാറാക്കിയത്. സൗകര്യം മതിയാകാതെ വന്നതോടെ 2018ല്‍ ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കൊല്ലം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചത്. വരുംകാലങ്ങളിൽ ഹാർബറിന്റെ വീതി 100 മീറ്ററായി കൂട്ടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.