കോഴിക്കോട്: കോവിഡ് മഹാമാരിക്കൊപ്പം ദുരിതങ്ങൾ വന്നുകയറിയ ജീവിതമാണ് അൺഎയ്ഡഡ് സ്കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും. കോവിഡ് ഒന്നാം തരംഗം തുടങ്ങിയത് മുതൽ പലയിടങ്ങളിലും 14 മാസമായി ശമ്പളം കൃത്യമായി ഇല്ല. ചിലയിടങ്ങളിൽ അഞ്ചു മാസത്തോളം തീരെ ശമ്പളം നൽകിയില്ലെന്നാണ് പരാതി. ഓൺലൈൻ ക്ലാസുകൾ തുടരുന്നതിനാൽ ജോലിക്കും അധ്വാനത്തിനും കുറവുമില്ല. ഓൺലൈൻ ക്ലാസുകൾ തയാറാക്കുന്നത് അത്ര എളുപ്പമല്ല. അധ്യാപകർതന്നെ മുൻകൈയെടുത്താണ് ഇതെല്ലാം ചെയ്യുന്നത്. 12,000 രൂപ മാസശമ്പളം വാങ്ങിയ തനിക്ക് 6000 രൂപയാണ് പിന്നീട് കിട്ടിയതെന്ന് ഒരു അധ്യാപിക വിലപിക്കുന്നു. പി.എഫിലെ തുകയും അടക്കുന്നില്ല. ഫീസ് കൃത്യമായി കിട്ടുന്നില്ലെന്നാണ് മാനേജ്മെൻറുകളുടെ വാദം.
എന്നാൽ, ഫീസിൽ കാര്യമായ കുറവ് വരുത്താൻ തയാറായിട്ടില്ല. കോടതി വിധിയടക്കമുണ്ടെങ്കിലും ലൈബ്രറി ഫീസും സ്പോർട്സ്, എൻറർടെയ്ൻമെൻറ് ഫീസും വാങ്ങുന്ന സ്കൂളുകളുണ്ട്. തുറക്കാത്ത കമ്പ്യൂട്ടർ ലാബിനും ഇറങ്ങാത്ത മാഗസിനും വരെ ഫീസ് ചോദിച്ചിരുെന്നന്ന് രക്ഷിതാക്കളും ആരോപിക്കുന്നു. ഓൺലൈൻ ക്ലാസുകളായതിനാൽ സ്കൂളുകളുടെ പ്രവർത്തന ചെലവ് കുറഞ്ഞതൊന്നും മാനേജ്മെൻറുകൾ പരിഗണിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. പുസ്തകങ്ങളുടെയും യൂനിഫോമിെൻറയും വിൽപനയിലൂടെ കൊള്ളലാഭമാണ് ഇത്തവണയും അൺ എയ്ഡഡ് സ്കൂളുകൾ കൊയ്യാനിരിക്കുന്നത്. പുസ്തക പ്രസാധകർ തോന്നിയതുപോലെ ഇടുന്ന പരമാവധി ചില്ലറ വിലയ്ക്കാണ് ഓരോ പുസ്തകവും വിൽക്കുന്നത്.
പ്രസാധകർ നേരിട്ടെത്തിയാണ് കച്ചവടം. സ്കൂളിൽ വിൽക്കുന്ന ഇത്തരം സാധനങ്ങൾക്ക് നിയമപ്രകാരം ജി.എസ്.ടി നൽകുന്നില്ലെന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. അൺ എയ്ഡഡ് അധ്യാപകരെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതും പതിവാകുകയാണ്. മറ്റൊരു ജോലിക്കും സാധ്യതയില്ലാതെ കണ്ണീർക്കയത്തിലാണ് ഇവരെല്ലാം. കോവിഡ് കാലത്ത് പിരിച്ചുവിടാനോ സ്ഥലം മാറ്റാനോ പാടില്ല എന്നാണ് സർക്കാർ തീരുമാനം.
കുടിശ്ശികയുള്ള ശമ്പളം പോലും നൽകാതെയാണ് പിരിച്ചുവിട്ടത്. ശമ്പളം കുറവായിരുന്നെങ്കിലും അധ്യാപനം എന്ന ജോലിയുടെ മഹത്ത്വവും ആദരവും ഇവരെല്ലാം വിലമതിച്ചിരുന്നു. അടുത്ത അധ്യയന വർഷവും ഓൺലൈനിലാകുന്നതിനാൽ നിലവിലെ ദുരിതം ഇരട്ടിയാകാനാണ് സാധ്യത.
അമിത ഫീസും മറ്റും കാരണം ആയിരക്കണക്കിന് വിദ്യാർഥികളാണ് ജില്ലയിൽതന്നെ അൺ എയ്ഡഡ് സ്കൂളുകളോട് വിടപറഞ്ഞ് പൊതുവിദ്യാലയങ്ങളിൽ ചേരുന്നത്.
അൺ എയ്ഡഡ് സ്കൂൾ അധ്യാപകരോടും ജീവനക്കാരോടും സർക്കാർ മനുഷ്യത്വപരമായി പെരുമാറണമെന്ന് സി.ബി.എസ്.ഇ സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലബാർ സഹോദയ പ്രസിഡൻറ് മോനി യോഹന്നാൻ പറഞ്ഞു. മാനേജ്മെൻറുകൾക്ക് വരുമാനം തീരെ കുറഞ്ഞു. ഫീസിൽ ഇളവ് വരുത്തിയിട്ടും കോവിഡ് കാലത്ത് രക്ഷിതാക്കൾക്ക് ഫീസടക്കാൻ പറ്റുന്നില്ല. മാനേജ്മെൻറുകൾക്ക് വിദ്യാർഥികളുടെ ഫീസല്ലാതെ മറ്റു വരുമാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.