കുന്ദമംഗലം: ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് ക്ഷാമം രൂക്ഷം. പനി ബാധിച്ചും മറ്റ് രോഗങ്ങൾ കാരണവും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെങ്കിൽ മരുന്ന് ലഭിക്കുന്നില്ല. പനി പടരുന്ന സമയത്താണ് മരുന്നിന് ക്ഷാമം നേരിടുന്നത്. അവശ്യ മരുന്നുകൾ പോലും കിട്ടാതെ വലയുകയാണ് സാധാരണക്കാരായ രോഗികൾ. ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ക്ഷാമമാണ്. ദിവസവും അറുനൂറോളം രോഗികളാണ് ഇവിടെ എത്തുന്നത്. സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സയോടൊപ്പം സൗജന്യമായി മരുന്നുകളും ലഭിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വലിയ ആശ്വാസമായിരുന്നു. കുട്ടികളുടെ മരുന്നുകൾ പോലും ലഭ്യമല്ല. വെള്ളിയാഴ്ച പ്ലാനിങ് കമ്മിറ്റി (ഡി.പി.സി) യോഗത്തിൽ ആശുപത്രിയുടെ മൂന്ന് ലക്ഷത്തിന്റെ പദ്ധതി ചർച്ച ചെയ്യുമെന്നും പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ അടുത്ത മാസം ആദ്യ വാരത്തോടുകൂടി മരുന്നുകൾ ലഭിച്ചുതുടങ്ങുമെന്നും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഹസീന പറഞ്ഞു. ആശുപത്രിക്ക് അംഗീകരിച്ച ചെറിയ തുകക്ക് മരുന്ന് വാങ്ങിയിട്ടും രണ്ടു ദിവസംകൊണ്ട് തീരുകയാണ്. കേരളത്തിൽ മിക്ക ആശുപത്രിയിലും മരുന്ന് ക്ഷാമം ഉണ്ട്. മരുന്ന് കമ്പനികളുമായി സർക്കാർ ഡിസംബറിൽ തുടങ്ങേണ്ട ടെൻഡർ വൈകിയതാണ് മരുന്ന് ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.