കോഴിക്കോട്: ജാതിമത- രാഷ്ട്രീയ ചിന്തകൾക്കപ്പുറം ലഹരിക്കെതിരെ കൈകോർത്ത് നാട്. വിവിധതരത്തിലുള്ള ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും വർധിച്ചതോടെ സർക്കാർതന്നെ ലഹരിക്കെതിരായ പോരാട്ടം എല്ലാവരും ഏറ്റെടുക്കണമെന്ന് നിർദേശിച്ചിരുന്നു.
പിന്നാലെയാണ് രാഷ്ട്രീയപാർട്ടികളും വിവിധ സർവിസ് സംഘടനകളും സന്നദ്ധകൂട്ടായ്മകളും മതസംഘടനകളുമെല്ലാം ലഹരിവിരുദ്ധ കാമ്പയിനുകൾ ആരംഭിച്ചത്. ഇതോടൊപ്പം പൊലീസും എക്സൈസും പരിശോധനയും കർശനമാക്കി. സ്പെഷൽ ഡ്രൈവിൽ നിരവധിപേരെയാണ് ലഹരിയുമായി പിടികൂടിയത്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ കാമ്പയിനുകൾ പുരോഗമിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങൾ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല ഒരുക്കാനുള്ള പ്രവർത്തനത്തിലാണ്. ലഹരിക്കെതിരെ നവകേരള മുന്നേറ്റം കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞദിവസം വീടുകളിലും പൊതുസ്‍ഥലങ്ങളിലും ദീപം തെളിച്ചിരുന്നു.
ലഹരിക്കെതിരെ കലാലയങ്ങളിൽനിന്ന് ശക്തമായ ശബ്ദമുയരണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യുവജന കമീഷൻ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിൻ ജില്ലതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കലാലയങ്ങൾ ലഹരിവിരുദ്ധതക്ക് മാതൃകയാകേണ്ടതുണ്ട്.
വിദ്യാർഥികൾ ലഹരിക്കെതിരെ പോരാടാൻ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം മുഖ്യാതിഥിയായി. കമീഷന്റെ നേതൃത്വത്തിൽ വിപുല ലഹരിവിരുദ്ധ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി കോളജുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
കോളനികൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും പൊതുയിടങ്ങളിൽ കലാജാഥകളും നടത്തും. മലബാർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ സച്ചിൻ പി. ജെയിംസ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫിസർ ഇ.ഐ. മുഹമ്മദ് ബോധവത്കരണ ക്ലാസെടുത്തു.
യുവജനക്ഷേമ ബോർഡ് മെംബർ ദീപു പ്രേംനാഥ്, ഗ്രീൻ വളന്റിയേഴ്സ് കോഓഡിനേറ്റർ പി. രാഹുൽരാജ്, മലബാർ ക്രിസ്ത്യൻ കോളജ് മാനേജർ പാവമണി ഗ്ലാഡിസ്, എൻ.എസ്.എസ് സെക്രട്ടറി കെ.ആർ. അഹല്യ എന്നിവർ സംസാരിച്ചു. യുവജന കമീഷൻ അംഗം എസ്.കെ. സജീഷ് സ്വാഗതവും ജില്ല കോഓഡിനേറ്റർ ടി. അതുൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.