കോഴിക്കോട്: നിപ നിയന്ത്രണങ്ങൾ കാരണം അടച്ചിട്ട കോർപറേഷന്റെ എരവത്ത്കുന്ന് വി.കെ. കൃഷ്ണമേനോൻ സ്മൃതിവനവും ഹൈമവതി തായാട്ട് സ്ക്വയറും തിങ്കളാഴ്ച തുറക്കും. നഗരത്തിലെ എറ്റവും ഉയരത്തിലുള്ള മനോഹര നഗരകാഴ്ച കിട്ടുന്ന ഇടമായ എരവത്ത്കുന്ന് ഉല്ലാസകേന്ദ്രമാക്കി മാറ്റാനായി വർഷങ്ങളായി പ്രവർത്തിക്കുന്ന വി.കെ. കൃഷ്ണമേനോൻ സ്മൃതിവനം സൊസൈറ്റിയാണ് ഇപ്പോൾ പാർക്ക് നടത്തുന്നത്.
പാർക്കിന്റെ നടത്തിപ്പ്, സംരക്ഷണം എന്നിവ ഏറ്റെടുക്കാൻ തയാറായവരിൽനിന്ന് കോർപറേഷൻ താൽപര്യപത്രം ക്ഷണിച്ചിരുന്നു. ആളെ കണ്ടെത്തി നടപടി പൂർത്തിയാക്കുന്നതുവരെ താൽക്കാലികമായാണ് സൊസൈറ്റിക്ക് ചുമതല. തിങ്കളാഴ്ച രാവിലെ പ്രവർത്തനം തുടങ്ങുമെന്ന് സൊസൈറ്റി സെക്രട്ടറി എം.കെ. ദിവാകരൻ അറിയിച്ചു. രാവിലെ ആറിന് പ്രഭാതനടത്തത്തിനും മറ്റുമായി തുറക്കുന്ന പാർക്ക് എട്ടിന് അടക്കും. തുടർന്ന് വൈകീട്ട് നാലിന് തുറന്നാൽ 6.30ഓടെ അടക്കും.
നഗരത്തിലെ വിശാലമായ കുന്നിൽ 36 ഏക്കറായിരുന്നു കോർപറേഷന് ഉണ്ടായിരുന്നത്. ഇതിൽ 20 ഏക്കറോളം ഐ.ടി.ഐക്കും സെൻട്രൽ സ്കൂളിനും അഞ്ചേക്കർ വാട്ടർ അതോറിറ്റിക്കും കൊടുത്തതിന്റെ ബാക്കി 11 ഏക്കറിലേറെ സ്ഥലമാണ് ഇപ്പോൾ പാർക്കായി നിലനിൽക്കുന്നത്. ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഏറ്റവും വലിയ ടാങ്കാണ് എരവത്ത്കുന്നിലുള്ളത്.
ഈ സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും സ്മൃതിവനം സൊസൈറ്റി ചെറുത്തുനിൽപ് നടത്തി തടയുകയായിരുന്നു. ആനയുടെ ആകൃതിയിലുള്ള പാറയും സാമൂതിരിയുടെ കാലത്തെ ഏക്കറുകൾ പരന്നുകിടന്ന കൽക്കെട്ടുമെല്ലാം നശിച്ചു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ആൽമരങ്ങൾ നട്ട് പരിപാലിക്കാനുള്ള വനംവകുപ്പ് പദ്ധതിവന്നെങ്കിലും മുന്നോട്ടുപോയില്ല.
വൈദ്യുതിയും വെള്ളവും കിട്ടാത്തതാണ് പാർക്കിലെ മുഖ്യപ്രശ്നം. ലഹരിമരുന്ന് സംഘങ്ങളും സാമൂഹികവിരുദ്ധരും എത്തുന്നതും പ്രശ്നമായിരുന്നുവെങ്കിലും ഗേറ്റ് സ്ഥാപിച്ച് തടഞ്ഞു. ഓപൺ എയർ സ്റ്റേജ് അടക്കമുള്ളവ ഉപയോഗിക്കാൻ വൈദ്യുതിയില്ല. ടാങ്കും മറ്റു സംവിധാനങ്ങളും ഒരുക്കിയെങ്കിലും പാർക്കിലേക്ക് വെള്ളമെത്തിയിട്ടില്ല. സൗരോർജം ഉപയോഗിച്ചാണ് ഇപ്പോൾ കുന്നിൽ വിളക്കുകൾ കത്തുന്നത്. പാർക്കിനകത്തേക്ക് അനധികൃതമായി പ്രവേശിക്കാനുള്ള വഴികൾ ഇനിയുമുണ്ട്. ഇവ അടച്ച് മതിൽ ശക്തമാക്കേണ്ടതും ആവശ്യമാണ്.
25 വർഷമായി പാർക്കും പരിസരവും സംരക്ഷിക്കുന്നവർ എന്ന നിലയിൽ സ്മൃതിവനം സൊസൈറ്റിയെ താൽക്കാലികമായി പരിപാലിക്കാനാണ് കോർപറേഷൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടെൻഡർ നടപടികളിലൂടെ കരാർ കൊടുക്കാനാണ് തീരുമാനം. പാർക്ക് നടത്താനും പ്രവേശന ടിക്കറ്റ് നൽകാനും അവകാശം നൽകുന്നതാണ് കരാർ. നടപടികൾ പൂർത്തിയാക്കി സ്ഥിരമായി നടത്തിപ്പുകാരെ നിയമിക്കണമെന്നും അത് സൊസൈറ്റിക്ക് തന്നെയാവണമെന്നുമുള്ള ആവശ്യം ശക്തമാണ്.
പാർക്കിനകത്ത് നാടൻ ഉൽപന്നങ്ങൾ ലഭിക്കുന്ന കേന്ദ്രങ്ങൾ, തനത് കലാരൂപങ്ങൾ അവതരിപ്പിക്കൽ എന്നിവ ഒരുക്കാനുള്ള പദ്ധതി നടത്തിപ്പുകാർ മുന്നോട്ടുവെച്ചിരുന്നു. ഇവിടെ റോപ് വേ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എരവത്ത്കുന്നിൽനിന്ന് കോഴിക്കോട് ബീച്ചിലേക്ക് റോപ് വേ സ്ഥാപിക്കുമെന്ന് നേരത്തേ പ്രഖ്യാപനം വന്നിരുന്നുവെങ്കിലും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.