കോഴിക്കോട്: കോഴിക്കോട്ടുകാർ കാലങ്ങളായി കാത്തിരിക്കുന്ന, കണ്ണൂർ-ബംഗളൂരു ട്രെയിൻ കോഴിക്കോട്ടേക്ക് സർവിസ് നീട്ടുന്നതിന് സാങ്കേതികാനുമതികൾ എല്ലാം പൂർത്തിയായിട്ടും റെയിൽവേയുടെ പച്ചക്കൊടി വൈകുന്നത് പ്രതിസന്ധിക്കിടയാക്കുന്നു. കോഴിക്കോട്ടുനിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാവുന്ന ട്രെയിൻ സർവിസാണ് റെയിൽവേയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ അനന്തമായി നീളുന്നത്.
നിലവിൽ ബംഗളൂരുവിൽനിന്ന് മംഗളൂരു വഴിയുള്ള ട്രെയിൻ കണ്ണൂരിൽ ആറു മണിക്കൂർ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഈ സമയം കോഴിക്കോട്ടേക്ക് സർവിസ് നീട്ടിയാൽ ഉത്തര മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. എന്നാൽ, ആദ്യഘട്ടം മുതൽതന്നെ റെയിൽവേ ഉദ്യോഗസ്ഥർ ഇതിന് പലവിധ തടസ്സവാദങ്ങളും ഉന്നയിച്ചിരുന്നു.
കോഴിക്കോട് റെയിൽവേ സതേൺ സോണിനു കീഴിലും ട്രെയിൻ ഓപറേറ്റ് ചെയ്യുന്നത് സൗത്ത് വെസ്റ്റ് സോണിന്റെ നേതൃത്വത്തിലും ആയിരുന്നു എന്ന സാങ്കേതിക തടസ്സമായിരുന്നു പാലക്കാട് സോൺ ആദ്യം ഉന്നയിച്ചിരുന്നത്. ഇതേത്തുടർന്ന് എം.കെ. രാഘവൻ എം.പി ഹൂബ്ലിയിലെത്തി സൗത്ത് വെസ്റ്റ് റെയിൽവേ ജനറൽ മാനേജറെ നേരിൽകണ്ട് ട്രെയിൻ കോഴിക്കോട്ട് വരെ നീട്ടുന്നതിനുള്ള അനുമതി വാങ്ങി.
ഇത് സതേൺ റെയിൽവേ അധികാരികൾക്ക് കൈമാറി. പിന്നീട് ഡിവിഷൻ അധികാരികൾ ട്രെയിൻ സമയക്രമങ്ങളിൽ മാറ്റം വരുത്തി ബോർഡിന് സമർപ്പിച്ചിരിക്കുകയാണ്.
പിന്നീട് മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന് അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഏറ്റവും അവസാനം ട്രെയിൻ നിർത്തിയിടാൻ കോഴിക്കോട് സ്റ്റേഷനിൽ ട്രാക്ക് ഇല്ലെന്നാണ് റെയിൽവേയുടെ വാദം. റെയിൽവേ അധികൃതർ മനസ്സുെവച്ചാൽ ഇതും അതിവേഗം പരിഹരിക്കാൻ കഴിയും. കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നതിന് തടസ്സം നിൽക്കുന്നതെന്നും ആക്ഷേപമുണ്ട്.
നിലവിൽ കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് ഒരു ദൈനംദിന സർവിസും ഒരു പ്രതിവാര സർവിസും മാത്രമാണുള്ളത്. ഇത് ഏറെ യാത്രാദുരിതത്തിന് ഇടയാക്കുന്നുണ്ട്. യാത്രക്കാർ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. പല സ്വകാര്യ ബസുകളും യാത്രക്കാരിൽനിന്ന് അമിത ചാർജും ഈടാക്കുന്നുണ്ട്.
കണ്ണൂർ സർവിസ് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ ഈ യാത്രാ പ്രതിസന്ധി പരിഹരിക്കപ്പെടും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽനിന്ന് ബംഗളൂരു, മംഗളൂരു, ഹാസൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഏറെ ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.