കോഴിക്കോട്: ജൂണ്‍ നാലിനു നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം എജുക്കേഷന്‍ കോംപ്ലക്സിലാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണുക. വടകര ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണലും ഇവിടെയാണ് നടക്കുക.
വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
രാവിലെ 6.30ന് സ്ട്രോങ് റൂമുകള്‍ തുറക്കുന്നതോടെ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂമാണ് ആദ്യം തുറക്കുക. ഹോം വോട്ടിങ്, ഇ.ടി.പി.ബി.എസ് (സര്‍വിസ് വോട്ടുകള്‍), ഉദ്യോഗസ്ഥരുടെ വോട്ടുകള്‍ എന്നിവയടക്കം അഞ്ചു വിഭാഗങ്ങളിലെ വോട്ടുകള്‍ ചേര്‍ന്നതാണ് തപാല്‍ വോട്ട്.
വരണാധികാരികളുടെ നേതൃത്വത്തില്‍ കേന്ദ്രീകൃത രീതിയില്‍ ഓരോ ലോക്സഭ മണ്ഡലത്തിലും 30 വീതം ടേബിളുകളിലായാണ് തപാല്‍ വോട്ടെണ്ണുക. ഒരു ടേബിളിൽ 500 വോട്ടുകൾ വരെ എണ്ണും. കോഴിക്കോട് മണ്ഡലത്തില്‍ 14,000ത്തിലേറെയും വടകര മണ്ഡലത്തില്‍ 15,000 ത്തിലേറെയും തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെ 29,000ത്തിലേറെ തപാല്‍ വോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്.
തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ശേഷം 8. 30 ഓടെ ഇ.വി.എം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും. ഇതിനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്നു വീതം കൗണ്ടിങ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ രണ്ട് ലോക്സഭ മണ്ഡലങ്ങള്‍ക്കുമായി ആകെ 14 കൗണ്ടിങ് ഹാളുകളുണ്ടാകും.
ഓരോ ഹാളിലും 14 ടേബിള്‍ വീതമാണുണ്ടാവുക. 14 ടേബിളുകള്‍ എണ്ണിക്കഴിഞ്ഞശേഷം ഇതില്‍ ഒരു ടേബിള്‍ വിവിപാറ്റ് മെഷീനുകള്‍ എണ്ണാനായി ഉപയോഗിക്കും. ഓരോ പോളിങ് സ്റ്റേഷനിലെയും പ്രിസൈഡിങ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ 17-സി പട്ടികയുമായി ഇ.വി.എമ്മിലെ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം ഒത്തുനോക്കി തുല്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍.
ഒന്നു മുതല്‍ 14 വരെ പോളിങ് സ്റ്റേഷനുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിലെണ്ണുക. 15 മുതല്‍ 28 വരെ പോളിങ് സ്റ്റേഷനുകള്‍ രണ്ടാം റൗണ്ട്, 29 മുതല്‍ 42 വരെ പോളിങ് സ്റ്റേഷനുകള്‍ മൂന്നാം റൗണ്ട് എന്നീ ക്രമത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കും. ഓരോ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായാല്‍ ലീഡ് നില അറിയിക്കും. ഒരു റൗണ്ട് എണ്ണിത്തീരാന്‍ ഏകദേശം 25 മിനിറ്റ് വരെ എടുക്കും.
മൂന്നു വലയങ്ങളായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ ക്രമീകരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പൊലീസിനും രണ്ടാം ഗേറ്റ് മുതല്‍ സംസ്ഥാന ആംഡ് പൊലീസിനുമാണ് സുരക്ഷ. സ്ട്രോങ് റൂം, കൗണ്ടിങ് ഹാളിന്റെ പ്രവേശന കവാടം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പൊലീസ് സുരക്ഷയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.