കോഴിക്കോട്: പെരിന്തൽമണ്ണ സ്വദേശിയായ കോഴിക്കോട്ടെ വ്യവസായിയിൽനിന്ന് 1.78 കോടി രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിലായ കോയമ്പത്തൂർ സ്വദേശിയെ വിശദമായി ചോദ്യം ചെയ്യാൻ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ശരവണംപെട്ടി പ്ലാറ്റിനം അപ്പാർട്ട്മെന്റിലെ ജി. സർവേശ് ബാബുവിനെ (45) കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ കോടതിയിൽ നൽകിയെങ്കിലും ഇയാളുടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ പൂർത്തിയായ ശേഷമാണ് കസ്റ്റഡിയിൽ ലഭിക്കുക.
സർവേശ് ബാബുവിനൊപ്പം തമിഴ്നാട് സ്വദേശികളായ മറ്റുപലർക്കും തട്ടിപ്പിൽ പങ്കുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തതവരുത്താനും വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്താനുമാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. വ്യവസായിയുടെ കോഴിക്കോട് ആക്സിസ് ബാങ്ക് അക്കൗണ്ടിന്റെ ചെക്ക് ഉപയോഗിച്ച് കോയമ്പത്തൂർ ശാഖയിൽ നിന്നാണ് ഇയാൾ പണം തട്ടിയത്.
ചിലരുടെ സഹായത്തോടെ വ്യവസായിയുടെ സ്യൂട്ട്കെയ്സിൽ സൂക്ഷിച്ച ചെക്ക് ബുക്ക് പ്രതി കൈക്കലാക്കുകയും വ്യാജ ഒപ്പിട്ട് തമിഴ്നാട്ടിലെ സ്വർണവ്യാപാരികളുടെ സഹായത്തോടെ ബാങ്കിന്റെ കോയമ്പത്തൂർ ശാഖയിൽ നിന്ന് രണ്ടു തവണകളായി തുക അക്കൗണ്ടിലേക്ക് മാറ്റി ആ തുകക്ക് പിന്നീട് സ്വർണം വാങ്ങി മുങ്ങുകയായിരുന്നു. കേസിലെ ഒരു പ്രതിയെ നടക്കാവ് പൊലീസ് മാസങ്ങൾക്കുമുമ്പ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റുചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.