കോഴിക്കോട്: പൂട്ടിക്കിടക്കുന്ന മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറിയിൽ വൻതീപിടിത്തം. പ്രധാന കെട്ടിടത്തിന്റെ പിറകിലെ കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടം പൂർണമായും കത്തിനശിച്ചു. രാത്രി ഒമ്പതു മണിയോടെയായിരുന്നു തീപിടിത്തം. മീഞ്ചന്ത, വെള്ളിമാട്കുന്ന്, ബീച്ച് ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ ഒമ്പത് യൂനിറ്റുകളുടെ സഹായത്തോടെ രാത്രി 10 ഓടെ തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആർക്കും പരിക്കില്ല.
തുണികളും നൂലും സൂക്ഷിച്ച കെട്ടിടത്തിലാണ് തീപിടിത്തം. വൈക്കം മുഹമ്മദ് ബഷീർ റോഡിലൂടെ നടന്നുവന്ന ചിലരാണ് ആദ്യം സംഭവം കണ്ടത്. ഇവർ സുരക്ഷ ജീവനക്കാരനെയും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. തീപിടിത്തം ഉണ്ടായ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നത് അഗ്നിശമനസേനക്ക് ബുദ്ധിമുട്ടുണ്ടാക്കി. വർഷങ്ങളായി അടഞ്ഞുകിടന്ന ഗേറ്റ് തുറക്കാൻ കഴിയാതിരുന്നതാണ് അകത്തേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നതിന് കാരണം. ദൂരെനിന്ന് പമ്പ് ചെയ്ത് തീ അണക്കാനായിരുന്നു ആദ്യഘട്ടത്തിൽ ശ്രമിച്ചത്. ഈസമയം മാനാഞ്ചിറ ഭാഗത്തെ ഗതാഗതം ഭാഗികമായി തടഞ്ഞിരുന്നു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ മരത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് വളപ്പിൽ തീപിടിച്ചുവെന്ന് അറിഞ്ഞതോടെ അവിടെയെത്തിയ തൊഴിലാളികളും സമരസമിതി നേതാക്കളും രോഷം മറച്ചുവെച്ചില്ല. തീപിടിത്തത്തെക്കുറിച്ചറിഞ്ഞ് സ്ത്രീതൊഴിലാളികളും സ്ഥലത്തെത്തിയിരുന്നു. തങ്ങൾ വർഷങ്ങളോളം പണിയെടുത്ത സ്ഥാപനം ഇത്തരത്തിൽ നശിച്ചുപോകുന്നതിൽ ഉണ്ടായ ദേഷ്യം പലരും മറച്ചുവെച്ചില്ല. തൊഴിലാളികളോടൊപ്പം നിൽക്കാൻ ആരുമില്ലെന്നാണ് ഇവരുടെ പരാതി.
നാല് മണിവരെ കമ്പനി പരിസരത്ത് ഉണ്ടായിരുന്നുവെന്നും ഭൂമാഫിയ മനഃപൂർവം ഫാക്ടറിക്ക് തീയിട്ടതാണെന്നും സമരസമിതി കൺവീനർ ഇ.സി. സതീശൻ പറഞ്ഞു. കോംട്രസ്റ്റ് കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നുവെന്നും ഇവിടെ പൊലീസിനെ നിയോഗിക്കണമെന്നും പലതവണ സമരസമിതി സിറ്റി പൊലീസ് കമീഷണർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.