കോഴിക്കോട്: നല്ല ഭക്ഷണം അവകാശമാണെന്ന് പറയുമ്പോഴും പണം കൊടുത്ത് വിഷബാധ ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ എന്തുസംഭവിക്കുമെന്ന് തീർച്ചയില്ലാത്ത സ്ഥിതി. ദിവസങ്ങൾക്കു മുമ്പ് കാസർകോട് ജില്ലയിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ ജില്ലയിലും ശക്തമാക്കി. എന്നാൽ, ഭക്ഷ്യവിഷബാധയുണ്ടാകുമ്പോൾ മാത്രം നടത്തുന്ന പരിശോധനകൾ പലപ്പോഴും ദീർഘകാലത്തേക്ക് ഫലം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വലിയ തിരക്കേറിയ കടകൾപോലും പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നുവെന്ന് കാണിച്ച് പൂട്ടിയിട്ടിരിക്കുകയാണ്. കിലോ കണക്കിന് പഴകിയ മാംസങ്ങളാണ് പിടികൂടിയിരിക്കുന്നത്. കൂടാതെ, ആളുകൾ ഏറ്റവും കൂടുതൽ താൽപര്യത്തോടെ കാണുന്ന ഷവർമയാണ് ഏറ്റവും അപകടകരമായ തരത്തിൽ കൈകാര്യം ചെയ്യുന്നതും. പല കടകളിലും ഷവർമ സ്റ്റാൻഡിൽ മാംസം വേവിക്കുകയും ഓരോ ദിവസത്തെയും ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മാംസം അതുപോലെതന്നെ എടുത്തുവെക്കുകയും പിറ്റേ ദിവസം വീണ്ടും എടുത്ത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആളുകളുടെ ജീവനുതന്നെ ഭീഷണി ഉയർത്തുന്നു.
വേനൽക്കാലമായതോടെ ജ്യൂസുകൾക്കും ആവശ്യക്കാർ ഏറിവരുന്നുണ്ട്. വഴിയരികിൽ വിൽക്കുന്ന കരിമ്പ് ജ്യൂസുകൾ ഇതുപോലെ അണുബാധക്ക് ഏറ്റവും കൂടുതൽ സാഹചര്യമൊരുക്കുന്നതാണ്. കരിമ്പ് ജ്യൂസ് നിർമിക്കുന്ന യന്ത്രം പലപ്പോഴും വൃത്തിയാക്കാറില്ല. ജ്യൂസ് അടിക്കാൻ തയാറാക്കി വെച്ചിരിക്കുന്ന കരിമ്പിൻ തണ്ടുകൾ റോഡരികിൽ ചാരിവെച്ച നിലയിലാണ് കാണാറ്. ഇതിൽ വാഹനങ്ങളിൽനിന്നുള്ള പൊടിപടലങ്ങൾ മുതൽ ഈച്ചപോലുള്ള രോഗം പരത്തുന്ന പ്രാണികളടക്കം വന്നിരിക്കുന്നതാണ്. അത് എടുത്ത് നേരെ യന്ത്രത്തിലേക്ക് വെച്ചാണ് ജ്യൂസ് നിർമിക്കുന്നത്.
ചില ജ്യൂസ് കടകളിലും ഫ്രഷ് ജ്യൂസല്ല ലഭിക്കുന്നത്. നേരത്തേ തയാറാക്കിയ ജ്യൂസ് ഗ്ലാസിൽ പകർത്തി നൽകുകയാണ്. ഇവ എപ്പോൾ നിർമിച്ചതാണെന്നോ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നോ ആരും ശ്രദ്ധിക്കാറില്ല. ഇവക്ക് ഉപയോഗിക്കുന്ന വെള്ളം എന്താണെന്നും അറിയില്ല. ജ്യൂസ് നന്നായി തണുപ്പിച്ച് നൽകുന്നതിനാൽ ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിച്ച പഴങ്ങൾ നല്ലതായിരുന്നോ അവക്ക് രുചി വ്യത്യാസം ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും മനസ്സിലാക്കാൻ സാധിക്കില്ല. തണുപ്പില്ലാത്ത ജ്യൂസുകൾക്കു മാത്രമേ രുചി വ്യത്യാസം തിരിച്ചറിയാനാകൂവെന്നതിനാൽ പലപ്പോഴും തണുത്ത് മരവിച്ച ജ്യൂസാണ് കഴിക്കാൻ ലഭിക്കുക. ഇവിടെയുള്ള പാലിന്റെ ഗുണനിലവാരവും പരിശോധിക്കേണ്ടതുണ്ട്.
സ്ഥിരമായി പരിശോധനകൾ നടക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വ്യാപകമാകുന്നത്. പരിശോധനകൾ വ്യാപകമായി നടത്തുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത്. പിഴ ഈടാക്കി നടപടി അവസാനിപ്പിക്കുന്നതിലപ്പുറം മാതൃകാപരമായ നടപടികൾ ഇല്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് കൺസ്യൂമർ ഫെഡറേഷൻ ജില്ല പ്രസിഡന്റ് സക്കറിയ പള്ളിക്കണ്ടി പറഞ്ഞു. ആഴ്ചയിലൊരിക്കൽ സ്ഥിരമായി ആരോഗ്യ വകുപ്പ് പരിശോധന നടത്തണം. രാത്രിയാണ് ഹോട്ടലുകൾ ഉൾപ്പെടെ കൂടുതൽ സജീവമാകുന്നത്. ഈ സമയത്ത് ആരോഗ്യ വകുപ്പ് ഒരു സർക്കിളിലും പ്രവർത്തിക്കുന്നില്ല. ജില്ലാവിങ് മാത്രമാണ് രാത്രിയുള്ളത്. ഇത്തരം സംവിധാനങ്ങളിൽ മാറ്റംവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.