എലത്തൂർ: ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയുടെ റോഡ്നിർമാണത്തിന് കണ്ടൽക്കാടുകൾ നശിപ്പിച്ചതിൽ തെളിവെടുത്തു. എലത്തൂർ വാളിയിൽ താഴത്ത് തീവണ്ടിത്തോടിനോട് ചേർന്ന കണ്ടലുകൾ നശിപ്പിച്ച് റോഡ് നിർമാണം നടത്തുന്നുവെന്ന മാധ്യമം വാർത്തയെ തുടർന്നാണ് വ്യാഴാഴ്ച വനം വകുപ്പിെൻറ വിജിലൻസ് വിഭാഗം പരിശോധനക്കെത്തിയത്.
നശിപ്പിക്കുന്ന കണ്ടലുകളിൽ ഏറെയും ഉടൻതന്നെ മാറ്റിയെങ്കിലും നിരവധി മരങ്ങളുടെ അവശിഷ്ടങ്ങൾ വെള്ളക്കട്ടിൽ തള്ളിയിരിക്കുകയാണ്. ഒരു മാസം മുമ്പു ഈ ഭാഗത്തുണ്ടായിരുന്ന കണ്ടലുകളുടെ ചിത്രം പ്രദേശവാസികൾ സൂക്ഷിച്ചിരുന്നു. മുറിച്ചു മാറ്റുന്നവ വാഹനങ്ങളിൽ കടത്തുകയായിരുന്നു.
കണ്ടലുകൾ നശിപ്പിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു ജനങ്ങളെ ബന്ധപ്പെട്ട ചിലർ അറിയിച്ചിരുന്നത്. കണ്ടൽനശിപ്പിക്കുന്നത് സംബന്ധിച്ച് എലത്തൂർ വില്ലേജ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച വില്ലേജ് ഓഫിസർ തുടർ നടപടിക്കായി റിപ്പോർട്ട് സഹിതം തഹസിൽദാർക്കും സബ് കലക്ടർക്കും നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. കണ്ടൽനശിപ്പിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയൊന്നും നൽകിയിട്ടില്ലെന്നാണ് കോർപറേഷൻ എലത്തൂർ മേഖല ഓഫിസ് അധികൃതർ പറയുന്നത്.
കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോ മാനേജരുടെ പ്രതികരണം. പരാതി ലഭിച്ചവർ അന്വേഷിക്കട്ടെയെന്നാണ് മാനേജരുടെ പ്രതികരണം. വനംമന്ത്രി എ.കെ. ശശീന്ദ്രനെ കണ്ടൽ നശിപ്പിക്കുന്നതു സംബന്ധിച്ച് സംഘടനാ പ്രതിനിധി വിവരം അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് നടപടിയുണ്ടാകുമെന്നാണത്രെ അറിയിച്ചത്.
1986 ലെ ഇ.പി.എ പ്രകാരം കണ്ടൽവനങ്ങൾ സി.ആർ.ഇസെഡ് 1ൽ പെടുന്നു. ജില്ല കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് അധികാരികൾ, വിജ്ഞാപനം മൂലം അധികാരപ്പെടുത്തിയവർ തുടങ്ങിയവർക്ക് കണ്ടൽ നാശത്തിനെതിരെ നടപടി സ്വീകരിക്കാം. കണ്ടൽനശിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും തോട് നികത്തി റോഡ് നിർമിക്കുന്നത് തടയണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.