അടിക്കടി തട്ടിപ്പുകൾ, ക്രമക്കേടുകൾ; കോർപറേഷനിൽ അന്വേഷണങ്ങൾ എങ്ങുമെത്തുന്നില്ല

കോഴിക്കോട്: കോര്‍പറേഷൻ ഓഫിസുമായി ബന്ധപ്പെട്ട് അടിക്കടി ക്രമക്കേടുകളുയരുമ്പോഴും കർശന നടപടികളുണ്ടാവുന്നില്ലെന്ന പരാതി വ്യാപകം. ഏറ്റവുമൊടുവിൽ പി.എൻ.ബി ബാങ്കിൽനിന്നാണ് കോർപറേഷന്റെ പണം നഷ്ടപ്പെട്ടതെങ്കിലും ജാഗ്രതക്കുറവുണ്ടായെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു.

പണം തിങ്കളാഴ്ച തിരിച്ചുകിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് അധികാരികളിപ്പോൾ. കെട്ടിടനമ്പര്‍ ക്രമക്കേട്, നികുതിപിരിവിലുണ്ടായ തട്ടിപ്പ് തുടങ്ങിയവയെല്ലാം പരാതിക്കിടയാക്കി. ഈയിടെ പിരിച്ച നികുതി മുഴുവനായി രജിസ്റ്ററില്‍ ചേര്‍ക്കാതെ തട്ടിപ്പുനടത്തിയത് താൽക്കാലിക ജീവനക്കാരാണ്.

എന്നാല്‍, റവന്യൂ വിഭാഗത്തിൽ കൃത്യമായി പരിശോധന നടത്തിയില്ലെന്നാണ് പരാതി. പിരിച്ചെടുത്ത നികുതിയുടെ വിവരങ്ങള്‍ ബില്‍ കലക്ടര്‍മാര്‍തന്നെ രജിസ്റ്ററില്‍ ചേര്‍ക്കുന്നതടക്കമുള്ള നടപടികളുണ്ടായില്ല. പണമിടപാടുകൾ സംബന്ധിച്ച് നേരത്തെതന്നെ പരാതികള്‍ വന്നിരുന്നു.

നികുതി അടച്ചിട്ടും ഇല്ലെന്ന് കാണിച്ച് നോട്ടീസ് കിട്ടിയ സംഭവങ്ങളുമുണ്ടായി. ഫ്ലാറ്റുകാർ, റസിഡന്റ് അസോസിയേഷൻ കാർ തുടങ്ങി ഒന്നിച്ചുചേര്‍ന്ന് പണമടക്കുമ്പോൾ കമ്പ്യൂട്ടറില്‍ കാണാത്ത സാഹചര്യമുണ്ടായി. മുമ്പ് നികുതി രസീതികള്‍ റോഡരികില്‍ കിടന്ന സംഭവവും ഉണ്ടായിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിലും നികുതിപിരിവിൽ പാകപ്പിഴകളുണ്ടെന്ന് പരാമർശമുണ്ടായിരുന്നു.

കോർപറേഷന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പരാതിക്കിടയാക്കിയിരുന്നു. ഇവയിലൊന്നും കാര്യമായ നടപടികളുണ്ടായില്ല. കോർപറേഷൻ ഈയിടെ നികുതിപരിഷ്‌കരണം നടത്തിയശേഷം രജിസ്റ്റര്‍ കൃത്യതയില്ലാതായെന്നാണ് പരാതി. പല രീതിയിൽ തട്ടിപ്പുകൾ ആവർത്തിക്കുന്നത് തുടരുന്നു.

കഴിഞ്ഞവർഷം കോർപറേഷനിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് വ്യാജപ്രചാരണം നടത്തിയത് വിവാദമായിരുന്നു. മുട്ടക്കോഴിവളർത്തൽ പദ്ധതി തട്ടിപ്പിന്റെ കാര്യത്തിലും അവസാനതീരുമാനമായില്ല. മഹിള മാളിന്റെ പേരിലുള്ള ആരോപണങ്ങളും കെട്ടടങ്ങിയിട്ടില്ല.

കോർപറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെങ്കിലും പ്രത്യേക ലിങ്കിൽ കയറുമ്പോൾ കോർപറേഷന്റേതിനോട് സാമീപ്യമുള്ള വെബ് സൈറ്റിൽ എത്തിച്ചായിരുന്നു തട്ടിപ്പ്. പല തസ്തികകളിലായി 821 ഒഴിവുകളുണ്ടെന്നായിരുന്നു പ്രചാരണം.

പൊലീസിൽ പരാതിയുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട് ബേപ്പൂർ മേഖല ഓഫിസുമായായിരുന്നു തട്ടിപ്പ്. 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പാക്കിയ പദ്ധതിയുടെ തുക കോർപറേഷനിൽ അടച്ചില്ലെന്നായിരുന്നു പരാതി.

കോഴിക്കൂട് നൽകിയ കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ പരാതി ഇപ്പോഴും നിലവിലുണ്ട്. കോർപറേഷന് നഷ്ടമായത് 3,95,825 രൂപയാണെന്ന് കണക്കാക്കിയിരുന്നു. മഹിള മാളിൽ കച്ചവടമില്ലാതെ മുടക്കിയ പണംപോലും കിട്ടാതെ സ്ത്രീകൾ മാളിൽനിന്ന് ഇറങ്ങേണ്ടിവന്നതും വലിയ വിവാദമായി. പരാതികളിൽ അന്വേഷണങ്ങൾ പ്രഖ്യാപിക്കുന്നുവെങ്കിലും എവിടെയുമെത്തുന്നില്ലെന്നാണ് പരാതി.

Tags:    
News Summary - frequent frauds and irregularities in the corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.