കോഴിക്കോട്: ഹരിതകർമസേന മുഖേന നഗരത്തിലെ മാലിന്യം ശേഖരിക്കുന്ന സംവിധാനം തുടങ്ങി ഒരു കൊല്ലത്തോടടുത്തപ്പോൾതന്നെ 1,41,204 വീടുകളിൽ കർമസേന എത്തുന്നതായി കണക്ക്. ഇത് നഗരത്തിലെ 95 ശതമാനത്തോളം വീടുകളുണ്ടാവും. ആറാംഘട്ടത്തിൽ അജൈവമാലിന്യശേഖരണത്തിലൂടെ 50,888 ചാക്ക് ശേഖരിച്ചതിൽ 50.97 ലക്ഷം കർമസേനക്ക് യൂസർഫീ ഇനത്തിൽ കിട്ടി. സംഭരണം കൃത്യമായതോടെ വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിച്ചുവെക്കാനുള്ള സൗകര്യമില്ലാത്തതാണ് ഇപ്പോൾ മുഖ്യപ്രശ്നം.
പൊതുസ്ഥലങ്ങളിൽ അജൈവ മാലിന്യം കൂട്ടിയിടുന്നത് പലപ്പോഴും വിമർശനത്തിനിടയാവുന്നു. നായ്ക്കളും മറ്റും ചാക്കുകൾ പൊട്ടിച്ചിടുന്ന പ്രശ്നവുമുണ്ട്. ഇതിനായി എല്ലാ വാർഡിലും സംസ്കരണത്തിന് സ്ഥലം കണ്ടെത്താൻ നിർദേശമുണ്ടെങ്കിലും ഉചിതമായ സ്ഥലം പലയിടത്തും ഇതുവരെയായില്ല. മാസംതോറും ഓരോ വാർഡിലുംനിന്ന് ശേഖരിക്കുന്ന മാലിന്യം ചാക്കുകളിൽ കെട്ടിയാണ് സൂക്ഷിച്ചുവെക്കുന്നത്.
ഇവ എടുത്തുമാറ്റാൻ പലപ്പോഴും താമസമുണ്ടാവുന്നു. ഇതാണ് വിമർശനങ്ങളുയരാൻ പ്രധാന കാരണം. കോർപറേഷനിൽ ആവശ്യത്തിന് എം.ആർ.എഫും (മെറ്റീരിയൽസ് റിക്കവറി ഫെസിലിറ്റി) എം.സി.എഫും (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) ഇപ്പോഴില്ല. ഓരോ വാർഡിലും ചെറിയ സംഭരണകേന്ദ്രങ്ങൾ തുടങ്ങാൻ ശ്രമം നടത്തിയെങ്കിലും മുന്നോട്ടുപോയില്ല. വിവിധ പ്രദേശങ്ങളിൽനിന്നുള്ള എതിർപ്പും കാലിസ്ഥലത്തിന്റെ ലഭ്യതക്കുറവുമെല്ലാം പ്രശ്നമാണ്. ഈ സാഹചര്യത്തിൽ മാലിന്യം സംഭരിക്കാൻ കൂടുതൽ എം.സി.എഫുകൾ, ബോട്ടിൽ ബൂത്ത് എന്നിവ തുടങ്ങാനാണ് കോർപറേഷൻ തീരുമാനം. 20 കണ്ടെയ്നറുകളും വാങ്ങും. കപ്പലിൽ ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്.
ഞെളിയൻപറമ്പ്, നെല്ലിക്കോട്, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ 40,000 കിലോ സംഭരണശേഷിയുള്ള എം.ആർ.എഫുകളുണ്ട്. നെല്ലിക്കോട് ഒരെണ്ണംകൂടി തുടങ്ങാൻ ലക്ഷ്യമിടുന്നു. പാളയം, പുത്തൂർ, എരവത്തുകുന്ന്, റഹ്മാൻബസാർ, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ 10,000 കിലോ ശേഷിയുള്ള എം.സി.എഫുകളുമുണ്ട്.
റോഡുകൾ അടിച്ചുവാരുന്ന മാലിന്യം വെസ്റ്റ്ഹില്ലിലാണ് എത്തിക്കുന്നത്. കോനാരി വേസ്റ്റ് മാനേജ്മെന്റ് ടീമിനാണ് ഇതിനുള്ള കരാർ നൽകിയത്. കഴിഞ്ഞ മാർച്ച് മുതൽ അഞ്ചു മാസം കരാർ ഇല്ലാത്തതിനാൽ അക്കാലത്തെ മാലിന്യം വെസ്റ്റ്ഹിൽ പ്ലാന്റിൽ കൊണ്ടിട്ടതായിരുന്നു. വീണ്ടും കരാർ വന്നതോടെ കമ്പനിയുടെ കേന്ദ്രത്തിലേക്ക് മാലിന്യം നീക്കിത്തുടങ്ങി. നഗരം അടിച്ചുവാരിയ മാലിന്യം ഒരു മാസംകൊണ്ട് രണ്ടു ലക്ഷം കിലോ വരെയുണ്ട്. ദിവസവും 10 ടൺ വരെ മാലിന്യം ഇതുവഴി സംഭരിക്കുന്നതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.