കുന്ദമംഗലം: കട്ടാങ്ങൽ, പൂളക്കോട്, ചൂലൂർ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുജനാരോഗ്യത്തിന് ഹാനികരമായി, മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളിൽനിന്നായി 8000 രൂപ പിഴയീടാക്കി. പ്ലാസ്റ്റിക് കത്തിച്ചതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനുമാണ് പിഴയീടാക്കിയത്. പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹോട്ടൽ, ബേക്കറി, കൂൾബാർ, അന്തർസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം, തൊഴിലിടങ്ങൾ, ഹോസ്റ്റലുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത കടകളിൽനിന്ന് പിഴയീടാക്കി. പരിശോധനക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ബാബു, ഒ. സുധീർ രാജ്, ഒ. ഫെമി മോൾ എന്നിവർ നേതൃത്വം നൽകി.
മാവൂരിൽ പരിശോധന
മാവൂർ: ഗ്രാമപഞ്ചായത്തിലെ ഭക്ഷ്യ ഉല്പാദന, വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹെൽത്തി കേരള പരിശോധന നടത്തി. എം.സി.എച്ച് യൂനിറ്റ് ചെറൂപ്പയിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. പ്രജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. പ്രവീൺ, വി. സുമിത്, ടി. സുരേഷ് കുമാർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ചു ഹരിത കർമ സേനയെ ഏല്പിക്കുകയും രസീത് തുടർ പരിശോധന സമയത്ത് കാണിക്കണമെന്നും നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ പുകയില വിമുക്ത ബോർഡ് സ്ഥാപിക്കണം. ഭക്ഷണസാധനങ്ങൾ വിൽക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾ പഞ്ചായത്ത് ലൈസൻസ്, ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ്, കുടിവെള്ള ഗുണനിലവാര പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവ എത്രയും വേഗം എടുക്കണമെന്നും നിർദേശം നൽകി. വരും ദിവസങ്ങളിൽ പഞ്ചായത്തുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തുമെന്നും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വിതരണം നടത്തുന്നതുൾപ്പെടെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഓഫിസർ ഡോ. എം. മോഹൻ അറിയിച്ചു.
പെരുവയലിലും പരിശോധന
കുറ്റിക്കാട്ടൂർ: ഹെൽത്തി കേരളയുടെ ഭാഗമായി പെരുവയൽ ഗ്രാമ പഞ്ചായത്തിൽ ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി. പെരുവയൽ അങ്ങാടിയിലെ ഹോട്ടലുകൾ, ബേക്കറി, ഫിഷ് മാർക്കറ്റ്. കോഴിക്കടകൾ, പഴം / പച്ചക്കറി വിൽപന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പോരായ്മകൾ ശ്രദ്ധയിൽപെട്ട സ്ഥാപനങ്ങളിൽ ഇവ എത്രയും വേഗം പരിഹരിക്കാൻ നിർദേശം നൽകി. പരിശോധനക്ക് പെരുവയൽ ഹെൽത്ത് സെന്ററിലെ ജൂനിയർ എച്ച്.ഐമാരായ മനോജ് കുമാർ, രഹന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.