കൂരാച്ചുണ്ട്: ഇന്ത്യൻ അണ്ടർ 17 വനിത ഫുട്ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ജോർഡനുമായുള്ള ആദ്യ മത്സരത്തിൽതന്നെ ഗോൾമഴ തീർക്കുകയും ചെയ്ത് രാജ്യത്തിന്റെ അഭിമാനമായി കക്കയത്തിന്റെ കുഞ്ഞാറ്റ. 10 മലയാളികൾ ഉൾപ്പെടെ 23 പേരെയാണ് ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തത്.
പരിശീലന ശേഷം കഴിഞ്ഞ ശനിയാഴ്ച ടീം രണ്ട് സൗഹൃദ മത്സരത്തിനായി ജോർഡനിലേക്ക് പോയിരുന്നു. തിങ്കളാഴ്ച നടന്ന ഒന്നാം മത്സരത്തിൽ 7-0 ത്തിനാണ് ഇന്ത്യൻ ടീം ജോർഡനെ മുട്ടുകുത്തിച്ചത്. ഇതിൽ നാലും ഗോളും ഷിൽജി ഷാജി എന്ന കുഞ്ഞാറ്റയുടെതായിരുന്നു. കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ജോർഡന്റെ വലകുലുക്കിയ ഷിൽജി 37, 74, 76 മിനുട്ടുകളിലും ഗോളടിച്ച് ദേശീയ അരങ്ങേറ്റം അവിസ്മരണീയമാക്കി.
രണ്ടാം മത്സരം ഈ മാസം ഒമ്പതിനാണ്. പ്രാദേശിക ഫുട്ബാൾ താരമായ കക്കയം നീർപ്പിഴാകം ഷാജി ജോസഫിന്റെ മകളായ ഷിൽജി അച്ഛന്റെ പാത പിന്തുടരുകയായിരുന്നു. നാലാം ക്ലാസുവരെ ഓട്ടത്തിൽ പങ്കെടുത്ത് നേട്ടം കൊയ്ത ഷിൽജിയിൽ കാൽപന്തു കളിക്കാരി ഉണ്ടെന്ന് കണ്ടെത്തിയത് കല്ലോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക സിനിയാണ്.
തുടർന്ന് സ്കൂളിലെ ഫുട്ബാൾ ക്യാമ്പിൽ പങ്കെടുത്ത ഈ മിടുക്കിയെ നല്ലൊരു ഫുട്ബാളറായി വാർത്തെടുക്കുന്നതിൽ സ്കൂൾ പരിശീലകൻ പ്ലാത്തോട്ടത്തിൽ ബാബുവിന്റെ പങ്ക് ചെറുതല്ല.
2017ൽ ഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് ഫുട്ബാളിൽ പങ്കെടുത്ത ഷിൽജി കഴിഞ്ഞ വർഷം ജൂലൈയിൽ ഗുവാഹതിയിൽ നടന്ന സുബ്രതോ കപ്പ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞു.
മൂന്ന് കളികളിൽ നിന്ന് 12 ഗോൾ നേടിയ തകർപ്പൻ പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴി തുറന്നത്. കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിയാണ് ഷിൽജി. അച്ഛന്റെയും അമ്മ എൽസിയുടേയും ചേച്ചിയുടേയും പരിപൂർണ പിന്തുണയോടെയാണ് സാധാരണ കുടുംബത്തിൽ വളർന്ന ഈ മിടുക്കി കാൽ പന്തിന്റെ ഉയരങ്ങൾ കീഴടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.