കോഴിക്കോട്: ഭക്ഷ്യവിഷബാധകൾ തടയുന്നതിന്റെ ഭാഗമായുള്ള പതിവ് പരിശോധനകൾ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്. മത്സ്യമാർക്കറ്റുകളിലെ പരിശോധനയായ 'ഓപറേഷൻ മത്സ്യ'ക്ക് പിറകെയാണ് കാസർക്കോട്ടെ ഷവർമ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടലുകളിലെ പരിശോധനയും തുടങ്ങിയത്. കഴിഞ്ഞ ദിവസം ജില്ലയിൽ 26 ഹോട്ടലുകളിൽ പരിശോധന നടന്നു. വൃത്തിയില്ലാത്ത ഒരു കട അടപ്പിച്ചു.
ഏഴ് കടകൾക്ക് പിഴ ഈടാക്കി. കാരപ്പറമ്പിലെ 'ബേഗ്രിൽ' എന്ന ഹോട്ടലാണ് അടച്ചുപൂട്ടിയത്. ഇവർക്കെതിരെ കർശന നടപടിയുണ്ടാകും. ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തി. ഇവിടെ കോഴി ഇറച്ചി അടക്കമുള്ള വസ്തുക്കൾ മതിയായ രീതിയിൽ ശീതീകരിച്ച് സൂക്ഷിച്ചിരുന്നില്ല. ചിക്കൻ, മുട്ട, മാട്ടിറച്ചി തുടങ്ങിയവ ആവശ്യമായ താപനിലയിൽ വൃത്തിയോടെ സൂക്ഷിക്കണമെന്ന നിർദേശം ഹോട്ടലുകൾക്ക് നൽകിയിട്ടുണ്ട്.
റമദാൻ കഴിഞ്ഞതോടെ കൂടുതൽ ഹോട്ടലുകൾ പ്രവർത്തനം പുനരാരംഭിക്കുമ്പോൾ പരിശോധന കർക്കശമാക്കുമെന്ന് അധികൃതർ അറിയിച്ചു. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഷവർമയുണ്ടാക്കുന്ന ഇറച്ചിയിലും മയോണൈസിലും ബാക്ടീരിയകളും മറ്റുമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമീഷണറുടെ ചുമതല വഹിക്കുന്ന കെ.കെ. അനിലൻ പറഞ്ഞു.
പച്ചമുട്ട ചേർത്തുണ്ടാകുന്ന മയോണൈസിൽ സാൽമൊണല്ല ബാക്ടീരിയ കയറിപ്പറ്റാൻ സാധ്യതയുണ്ട്. മയോണൈസ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ആവശ്യം വരുമ്പോൾ പുറത്തെടുത്ത് വീണ്ടും ഫ്രിഡ്ജിൽ വെക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഹോട്ടലുകളിലും ചെറിയ കഫേകളിലും ഷവർമയുടെ കച്ചവടം കാര്യമായി ഇടിഞ്ഞതായി ഹോട്ടലുടമകൾ പറഞ്ഞു. ജില്ലയിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവം ഇക്കാലം വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹോട്ടലുടമകൾ സാക്ഷ്യപ്പെടുത്തുന്നു.
അതിനിടെ, ഷവർമ പരിശോധനയല്ലെന്നും പതിവ് പരിശോധനകൾ മാത്രമാണിതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറഞ്ഞു. ഓരോ അപകടങ്ങൾ വരുമ്പോൾ മാത്രമല്ല, ദിവസവും ഫീൽഡ് പരിശോധനകൾ നടക്കാറുണ്ട്. എന്നാൽ, ഒരാഴ്ച മുമ്പ് തുടങ്ങിയ 'ഓപറേഷൻ മത്സ്യ' തൽക്കാലം നിർത്തിയിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം. മീൻമാർക്കറ്റുകളിലും ഹാർബറുകളിലും ടെസ്റ്റിങ് കിറ്റുമായി പോയിട്ടായിരുന്നു 'ഓപറേഷൻ മത്സ്യ'നടത്തിയത്.
നിലവിൽ ഭക്ഷ്യസുരക്ഷ വകുപ്പിന് ഓരോ നിയമസഭ നിയോജകമണ്ഡലങ്ങളിലും ഒന്ന് എന്ന കണക്കിൽ 13 സർക്കിളുകളാണ് ജില്ലയിലുള്ളത്. ഫുഡ്സേഫ്റ്റി ഓഫിസർമാർക്കാണ് സർക്കിളുകളുടെ ചുമതല. പരിശോധനകൾ നടത്തുന്നതും ഈ ഓഫിസർമാരുടെ നേതൃത്വത്തിലാണ്. ബോധവത്കരണ പ്രവർത്തനവും എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതികൾ തയാറാക്കുന്നതും ലൈസൻസ് നൽകുന്നതടക്കമുള്ള പതിവ് ജോലികൾ വേറെയുമുണ്ട്. പരിശോധനക്ക് ശേഷം കേസുകൾ ഫയൽ ചെയ്യലും കേസിന് ഹാജരാകുന്നതും ഇവരുടെ ചുമതലയിൽപെടും.
ജില്ലയിൽ കൊയിലാണ്ടി സർക്കിളിൽ ഓഫിസറുടെ കസേരയിൽ ആളില്ല. നാദാപുരം സർക്കിളിലെ ഓഫിസർക്കാണ് ചുമതല. കൂടുതൽ ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ പരിശോധനകൾ കുറയാനാണ് സാധ്യത. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയതും കേസുകൾ ഫയൽ ചെയ്യുന്നതും കോഴിക്കോട് ജില്ലയിലാണ്. 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെ 4581 പരിശോധനകൾ നടന്നു. ഇതിൽ 350 എണ്ണം മാത്രമാണ് പരാതികളുടെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്. ബാക്കിയെല്ലാം വകുപ്പ് ഉദ്യോഗസ്ഥർ സ്വമേധയാ പരിശോധിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.