കോഴിക്കോട്: ഈ മഴക്കു മുമ്പും നടക്കാതെപോയ കല്ലായിപ്പുഴ നവീകരണത്തിന് ഇനിയും 5,07,70446 രൂപകൂടി ആവശ്യമെന്ന് പ്രവൃത്തിയുടെ ചുമതലയുള്ള ഇറിഗേഷൻ വകുപ്പ് കോർപറേഷനെ അറിയിച്ചു. കോർപറേഷൻ നേരത്തേ 7,90,00,000 രൂപ വകുപ്പിന് കൈമാറിയിരുന്നു. കല്ലായിപ്പുഴയിലെ മണ്ണും കല്ലും നീക്കാനുള്ള കരാറിന് അധികമായി വേണ്ട തുകക്കുള്ള ടെൻഡർ എക്സസ് സർക്കാർ അംഗീകരിക്കണമെങ്കിൽ അധിക തുകകൂടി ലഭ്യമാക്കണമെന്ന് കാണിച്ച് ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയറാണ് കഴിഞ്ഞ ദിവസം കോർപറേഷന് അറിയിപ്പ് അറിയിച്ചത്. ഇക്കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കുന്ന കാര്യം വ്യാഴാഴ്ചതന്നെ നഗരസഭ ധനകാര്യ സ്ഥിരം സമിതി പരിഗണിച്ചു. പണം അനുവദിക്കുന്നതിൽ ചൊവ്വാഴ്ച ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും. കല്ലായിമുതൽ കോതിപ്പാലംവരെ പുഴയിലെ മണ്ണും ചളിയും നീക്കാനുള്ള പദ്ധതിയാണ് വർഷങ്ങളായി നീളുന്നത്. പുഴ നന്നാക്കൽ നീളുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധിച്ചിരുന്നു. 13 കൊല്ലത്തിലേറെയായി നഗരത്തിന്റെ ആവശ്യമായ കല്ലായിപ്പുഴ ആഴം കൂട്ടുന്ന പദ്ധതിക്കുവേണ്ടി ഇറിഗേഷൻ വകുപ്പ് കരാറുകാരെ തേടി പലതവണയാണ് ടെൻഡർ വിളിച്ചത്. ഏറ്റവുമൊടുവിൽ പദ്ധതി ചെലവിനെക്കാൾ 200 ശതമാനം അധികം തുക കാണിച്ചതോടെ ഫെബ്രുവരി അവസാനം വീണ്ടും ടെൻഡർ വിളിച്ചു.
പുതിയ ടെൻഡറിൽ പദ്ധതി തുകക്ക് അകത്തുനിന്ന് കരാറെടുക്കാൻ ആരുമെത്തിയില്ല. നേരത്തേ 30 ശതമാനം അധികമായതിനാൽതന്നെ സർക്കാർ ടെൻഡർ അംഗീകരിച്ചിരുന്നില്ല. മൂന്നാം ടെൻഡറിൽ 200 ശതമാനം അധികമായതോടെ സർക്കാർ അനുമതിയുണ്ടാവില്ലെന്ന് ഉറപ്പാവുകയായിരുന്നു. പുഴയിലെ മണ്ണെടുത്ത് ആഴക്കടലിൽ തള്ളണമെന്ന നിബന്ധനയാണ് ചെലവ് കൂടാൻ കാരണമായി പറയുന്നത്. 13 കൊല്ലത്തിനിടെ ആറുതവണ ടെൻഡർ വിളിച്ചതായാണ് കണക്ക്. ആദ്യം റിവർ മാനേജ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടത്തിയത്. മൂന്നരക്കോടി രൂപയായിരുന്നു അന്ന് കണക്കാക്കിയത്. പിന്നീടത് 4.9 കോടിയായി. അന്ന് ടെൻഡറിന് അംഗീകാരമായെങ്കിലും ചളി കടലിലെത്തിക്കുന്നതും മറ്റുമായി ബന്ധപ്പെട്ട കാരണങ്ങളാൽ പണി നടത്തിയില്ല. കല്ലായിക്കും കടുപ്പിനിക്കുമിടയിൽ 4.2 കിലോമീറ്റർ ദൂരത്തിലാണ് പുഴയിലെ മണ്ണും ചളിയും നീക്കേണ്ടത്. 7.9 കോടി കെട്ടിവെച്ചതിൽ 1.91 കോടി പിന്നെയും അധികതുക വേണ്ടിവന്നപ്പോൾ കോർപറേഷൻ നൽകിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.