കോഴിക്കോട്: നിരന്തരം ട്രെയിനുകൾ റദ്ദാക്കുന്നതിനു പിന്നിൽ ചില ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തമെന്ന് ആക്ഷേപം. ഉത്തരവാദപ്പെട്ട ചില ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാലാണ് മറ്റൊരു സോണിലുമില്ലാത്ത രീതിയിൽ ട്രെയിനുകൾ റദ്ദാക്കേണ്ടിവരുന്നതെന്നാണ് റെയിൽവേ ജീവനക്കാർക്കിടയിൽപോലും ആക്ഷേപമുയരുന്നത്. ലോക്കോ പൈലറ്റുമാരുടെ ക്ഷാമത്തെത്തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കുന്നതെന്നു പറയുമ്പോഴും സതേൺ റെയിൽവേയുടെ കീഴിൽ മറ്റൊരിടത്തും ഇത്തരമൊരു അവസ്ഥയില്ല. 22 മുതൽ 30 വരെ പാലക്കാട് ഡിവിഷനിൽ മാത്രം നാലു ട്രെയിനുകളാണ് റദ്ദാക്കിയത്. മംഗളൂരു- കോഴിക്കോട് എക്സ്പ്രസ്, കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ്, കണ്ണൂർ-ചെറുവത്തൂർ എക്സ്പ്രസ്, ചെറുവത്തൂർ-ബംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയിരിക്കുന്നത്.
ബസിൽ ആളുകൾ കുത്തിനിറച്ച് പോകുമ്പോഴാണ് ട്രെയിനിൽ ആളില്ലെന്ന് വരുത്തിത്തീർക്കുന്നതും ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കോവിഡ് ബാധയാണെന്നു വിശദീകരിക്കുന്നതും. റോഡ്മാർഗം ഗതാഗതക്കുരുക്കും മറ്റും പതിവായതിനാൽ ജനങ്ങൾ ഏറെയും ട്രെയിൻ സർവിസുകളെ ആശ്രയിക്കുമ്പോഴാണ് റദ്ദുചെയ്യൽ തുടരുന്നത്. സർവിസ് പരിശോധിച്ച് ട്രെയിനിങ് നൽകേണ്ടവർ കൃത്യമായ രീതിയിൽ ഇടപെടാത്തതാണ് താളംതെറ്റലിന് കാരണമെന്ന് ജീവനക്കാർതന്നെ പറയുന്നു. ട്രെയിനിങ് ആവശ്യമായ ജീവനക്കാർക്ക് അത് നൽകേണ്ടതിനും മെഡിക്കൽ ടെസ്റ്റ്, റിഫ്രഷർ കോഴ്സ്, പ്രമോഷനൽ ടെസ്റ്റ് എന്നിവ യഥാസമയം പരിശോധിച്ച് നൽകേണ്ടതിനും ചുമതലപ്പെടുത്തിയവർ ഉണ്ടായിരിക്കെയാണ് റെയിൽവേയുടെ സേവനം വഷളാകുന്നത്.
യാത്രാ ട്രെയിനുകളിൽ ഉൾപ്പെടെ 76 ലോക്കോ പൈലറ്റുമാരുടെ ഒഴിവ് പാലക്കാട് ഡിവിഷനിൽ മാത്രമുണ്ട്. ഒരു ലോക്കോ പൈലറ്റിന് ഒരു അസി. ലോക്കോ പൈലറ്റ് എന്നാണ് കണക്ക്. എന്നാൽ, ഇപ്പോൾ ലോക്കോ പൈലറ്റുമാരേക്കാൾ കൂടുതൽ അസി. ലോക്കോ പൈലറ്റുമാർ ഉണ്ടത്രെ.
യാത്രാവണ്ടികൾ ഓടിക്കാൻ മാത്രം ഒരു ദിവസം 157 ലോക്കോ പൈലറ്റുമാർ വേണം. നിലവിൽ 105 പേർ മാത്രമാണുള്ളത്. റിസർവ് പൈലറ്റുമാരുമില്ല. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടും പ്രശ്നപരിഹാരമാകാത്തതാണ് ആക്ഷേപത്തിനിടയാക്കുന്നത്. ലോക്ഡൗണിൽ ട്രെയിനുകൾ ഓടാതിരുന്ന കാലത്ത് ഇവർക്ക് പരിശീലനം നൽകാനുള്ള ക്രമീകരണം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ യാത്രാസർവിസുകൾ മുടങ്ങുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.