കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസന നിർദേശം പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു ഏവിയേഷൻ കൺസൽട്ടൻസി കമ്പനിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാൻ തയാറാകണമെന്ന് കാലിക്കറ്റ് വിമാനത്താവള വികസന ജോയന്റ് ആക്ഷൻ കൗൺസിൽ കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിമാനത്താവളത്തിെൻറ റൺവേ നീട്ടൽ അനിശ്ചിതമായ സാഹചര്യത്തിൽ റൺവേയുടെ ഇരുവശത്തും റെസ (റൺവേ എന്‍ഡ് സേഫ്റ്റി ഏരിയ)യുടെ നീളം കൂട്ടുക, വലിയ വിമാന സർവിസ് പുനരാരംഭിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്, മലബാർ ചേംബർ ഓഫ് കോമേഴ്സ്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ്, ഗ്രേറ്റർ മലബാർ ഇനിേഷ്യറ്റിവ്, ബി.എൻ.എ, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, ദ ബിസിനസ് ക്ലബ്, മലബാർ ടൂറിസം കൗൺസിൽ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ തുടങ്ങിയ സംഘടനകൾ ചേർന്ന് രൂപവത്കരിച്ചതാണ് കാലിക്കറ്റ് വിമാനത്താവള വികസന ജോയന്റ് ആക്ഷൻ കൗൺസിൽ.
ആവശ്യങ്ങൾ സംബന്ധിച്ച് അടുത്തയാഴ്ചയോടെ ഡൽഹിയിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി ഭാരവാഹികൾ ചർച്ച നടത്തും. മുമ്പു നടന്ന വിമാനാപകടം പൈലറ്റിെൻറ പിഴവാണെന്ന് റിപ്പോർട്ട് വന്നിട്ടും വലിയ വിമാനങ്ങളുടെ സർവിസ് പുനഃസ്ഥാപിച്ചിട്ടില്ല.
അപകട റിപ്പോർട്ട് കേന്ദ്ര മന്ത്രാലയത്തിന് ലഭിച്ചാൽ സർവിസ് പുനഃസ്ഥാപിക്കാമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ഉറപ്പു നൽകിയിരുന്നു. എന്നാൽ, അതും പാലിച്ചില്ല. റൺവേയുടെ നീളം കുറക്കാതെയും സാമ്പത്തിക ബാധ്യത ഇല്ലാതെയും നിലവിലുള്ള ഭൂമി ഉപയോഗിച്ച് റെസയുടെ വിപുലീകരണം സാധ്യമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മലബാർ ചേംബർ പ്രസിഡന്റ് കെ.വി. ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ് കാമ്മത്ത്, കലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി. ദേവസ്സി, ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് പ്രസിഡന്റ് ജോഹർ ടാംട്ടൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, ദ ബിസിനസ് ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.