കടലുണ്ടി വാവുത്സവത്തോടനുബന്ധിച്ച് മണ്ണൂർ ജാതവൻ കോട്ടയിൽനിന്ന് ജാതവൻ ഊരുചുറ്റലിനു പുറപ്പെടുന്നു

ജനസാഗരമൊഴുകുന്നു; വാവുത്സവം നാളെ

പുരാണ ഗ്രന്ഥങ്ങളിൽ 1500 വർഷം പഴക്കം രേഖപ്പെടുത്തിയ പ്രസിദ്ധമായ കടലുണ്ടി വാവുത്സവം തുലാമാസത്തിലെ കറുത്തവാവും ചോതി നക്ഷത്രവും ഒത്തുചേരുന്ന വെള്ളിയാഴ്ചയാണ്. ചെണ്ടയും അലങ്കാരപ്പെട്ടിയും ചുമലിലേറ്റി പെരുവണ്ണാന്മാർ വീടുവിട്ടിറങ്ങുന്ന നാളുകളാണ് ഇനിയുള്ള ഏഴു മാസക്കാലം. 'പേടിയാട്ടമ്മ തുറക്കും, അമ്മാഞ്ചേരി അമ്മ അടക്കും' എന്ന പഴമൊഴിതന്നെ ഉത്തര മലബാറിൽ നിലവിലുണ്ട്. പേടിയാട്ടമ്മയെ അനുസ്മരിച്ചുള്ള കടലുണ്ടി വാവുത്സവത്തോടെ ഉത്തര മലബാറിൽ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കമാകും. അരമണിയും മണിച്ചിലമ്പും പള്ളിവാളുമേന്തി കോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന നാളുകളാണ് ഇനിയുള്ളത്. ആയോധനകലയുടെ ആസുര ഭാവങ്ങളുമായ് തെയ്യവും തിറയും അവയുടെ അട്ടഹാസങ്ങളിൽ മുഖരിതമാകുന്ന ഗ്രാമരാത്രികൾ. നന്മയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമകളുണർത്തി വരവാകുന്ന ഉത്സവരാവുകൾ...

മൂന്നിയൂർ അമ്മാഞ്ചേരി ക്ഷേത്രത്തിലെ ഇടവമാസ കളിയാട്ട ഉത്സവത്തോടെയാണ് ഓരോ ആണ്ടിലേയും സമാപനം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യ കുരുതികൾ അരങ്ങേറുന്ന വർത്തമാനകാലത്ത് സാമുദായിക മൈത്രിക്കും മതസൗഹാർദത്തിനും വേണ്ടി നിർവഹിക്കപ്പെടുന്ന ഒരു എളിയ ശ്രമം പോലും അഭിനന്ദിക്കപ്പെടേണ്ടതാണല്ലോ. ഈയൊരു പാശ്ചാത്തലത്തിൽ കടലുണ്ടി വാവുത്സവത്തിന് ഏറെ കാലിക പ്രസക്തിയാണുള്ളത്.

മൂന്നു ഭാഗം പുഴയും ഒരു ഭാഗം അറബിക്കടലുമായി ചുറ്റപ്പെട്ടുകിടക്കുന്ന കടലുണ്ടി ഗ്രാമത്തിലേക്ക് വാവുത്സവ ദിവസം പതിനായിരക്കണക്കിന് ജനങ്ങൾ എത്തിച്ചേരുന്നതോടെ ഒരു പകൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടുന്ന ഗ്രാമമായി കടലുണ്ടി മാറും. നാല് ക്ഷേത്രങ്ങൾ ബന്ധപ്പെട്ടു നടക്കുന്ന ഉത്സവത്തിന് കഴിഞ്ഞ ശനിയാഴ്ച പേടിയാട്ടും തിങ്കളാഴ്ച കുന്നത്തും കറുത്തങ്ങാട്ടും ബുധനാഴ്ച മണ്ണൂരിലെ ജാതവൻകോട്ടയിലും കൊടിയേറ്റി. മണ്ണൂർ ശിവക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ തിങ്കളാഴ്ച പേടിയാട്ട് ക്ഷേത്രത്തിൽ അഞ്ചാം പുണ്യാഹവും നടത്തി. തുലാമാസത്തിലെ അമാവാസി നാളായ വെള്ളിയാഴ്ച പിതൃക്കൾക്കുള്ള ബലിതർപ്പണത്തോടെ വാക്കടവിൽ ഉത്സവത്തിനു ആരംഭമാകും. പുലർച്ച നാലിന് പേടിയാട്ടമ്മയെ കടലിൽ നീരാടിച്ചതിനു ശേഷമാണ് പിതൃക്കൾക്കുള്ള ബലിതർപ്പണം ആരംഭിക്കുക.

നീരാട്ടിനുശേഷം സ്വർണാഭരണ വിഭൂഷിതയായി ഉച്ചക്ക് 12.30ന് പേടിയാട്ടമ്മയെ എഴുന്നള്ളിക്കുന്നതാണ് വാവുത്സത്തിലെ പ്രധാന ചടങ്ങ്. ചെണ്ട, കുഴൽ, ശംഖ്, ഇലത്താളം മുതലായ വാദ്യഘോഷങ്ങളുമായാണ് എഴുന്നള്ളത്ത്. മൂത്ത പെരുവണ്ണാൻ കക്കാട്ടുപാറ വരെ പേടിയാട്ടമ്മയെ തലയിലും അതിനുശേഷം ഇളയ പെരുവണ്ണാൻ മാറത്തും മൂന്നാമനും നാലാമനും മടിയിൽ വെച്ചുമാണ് എഴുന്നള്ളിക്കുക. ഇളയ പെരുവണ്ണാൻ മൂത്ത പെരുവണ്ണാൻ ആയി കഴിഞ്ഞാലും മൂന്നാം വർഷം മുതൽ മാത്രമേ പേടിയാട്ടമ്മയെ തലയിൽ എഴുന്നള്ളിക്കാൻ അധികാരമുള്ളൂ. കുന്നത്ത് ക്ഷേത്രത്തിലെത്തുന്ന പേടിയാട്ടമ്മയെ അവകാശികൾ ഉപചാരപൂർവം സ്വീകരിച്ച് പൂമുറ്റത്തു തീർത്ത മണൽതറക്ക് മുകളിലുള്ള പീഠത്തിലേക്ക് എഴുന്നള്ളിച്ചിരുത്തും. തെക്കോട്ട് മുഖം തിരിഞ്ഞിരിക്കുന്ന പേടിയാട്ടമ്മക്ക് അഭിമുഖമായി നിലകൊള്ളുന്ന പടകാളി പാടത്ത് അവകാശികളുടെ സാന്നിധ്യത്തിൽ തല്ല് നടത്തും. ചതുരാകൃതിയിലുള്ള നെൽവയലിൽ വെള്ളത്തിലും ചളിയിലും നടന്നാണ് തല്ല്. മുമ്പ് പ്രസിദ്ധരായ പല അഭ്യാസികളും പടകളിയിൽ പങ്കെടുത്തിരുന്നുവത്രേ. കുന്നത്തുനിന്ന് എഴുന്നള്ളുന്ന പേടിയാട്ടമ്മയെ കറുത്തങ്ങാട്ട് മേൽപുരയില്ലാത്ത അലങ്കരിച്ച പീഠത്തിൽ എഴുന്നള്ളിച്ചിരുത്തും. വഴിപാടുകൾ സ്വീകരിച്ച് പൂജകളും കഴിഞ്ഞശേഷം മധ്യാഹ്നത്തോടെ പേടിയാട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.

പേടിയാട്ടമ്മയെ പനയമഠം തറവാട്ടിലെ പ്രായമായ സ്ത്രീകളുടെ നേതൃത്വത്തിൽ ആൺകുട്ടികൾ താലപ്പൊലിയോടെ സ്വീകരിച്ച് ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് അലങ്കരിച്ച പീഠത്തിൽ ആനയിച്ചിരുത്തും. മഞ്ഞൾ പൊടിയും അരിയും കൊണ്ട് അർച്ചന ചെയ്യും. കുത്തുവിളക്ക്, ചങ്ങലപട്ട, കിണ്ടി, വെള്ളം എന്നിവ സഹിതം പീഠത്തെ മൂന്നു വലംവെക്കും. ശേഷമാണ് നിവേദ്യപൂജ. താലപ്പൊലി അരി ചൊരിയുമ്പോൾ ഒരു വിഹിതം ക്ഷേത്രത്തിലേക്കും ബാക്കിയുള്ളവ അവകാശികൾക്കും നൽകും. തിരുമുറ്റത്തെ ഇളനീരേറും നിവേദ്യങ്ങളും കഴിഞ്ഞാൽ പേടിയാട്ടമ്മയുടെ തിരുമുഖം തിടമ്പിൽനിന്ന് അഴിച്ചെടുത്ത് കിഴക്കേകാവിലെ ഗർഭഗൃഹത്തിൽ കുടിയിരുത്തും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ അവസാനിക്കുക. പേടിയാട്ടമ്മയെ കിഴക്കേ കാവിലെ പീഠത്തിൽ ആനയിച്ചിരുത്തുന്ന ചടങ്ങുകൾ അവസാനിക്കുമ്പോൾ മകനായി സങ്കൽപിച്ചു പോരുന്ന ജാതവൻ അമ്മയെ പിരിയുന്നതിന്റെ വ്യസനം ഉള്ളിലൊതുക്കി കോട്ടയിലേക്ക് തിരിച്ചുപോവാനൊരുങ്ങുമെന്നാണ് വിശ്വാസം. പെരുവണ്ണാൻ പുറപ്പെട്ടു കഴിഞ്ഞാൽ ഭണ്ഡാരം തുറന്ന് വഴിപാടുകൾ എണ്ണി തിട്ടപ്പെടുത്തി ഓരോ അവകാശിക്കും യഥാവിധി വിഹിതം നൽകും. ഇതിനുശേഷം പേടിയാട്ട് ഏഴാം നാളിൽ പുണ്യാഹം നടത്തും. തുടർന്ന് ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കും.

സത്യത്തിനും നീതിക്കും പുകഴ്പെറ്റ ക്ഷേത്രമാണ് പേടിയാട്ടെന്നാണ് വിശ്വാസം. സാധാരണ ജനങ്ങൾക്ക് പൊലീസും കോടതിയും അപ്രാപ്യമായിരുന്ന മുൻ കാലങ്ങളിൽ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പേടിയാട്ട് ക്ഷേത്ര സന്നിധിയിൽ സത്യം ചെയ്യിക്കലായിരുന്നു ഏക മാർഗം. നിരപരാധിത്വം തെളിയിക്കാൻ ക്ഷേത്രസന്നിധിയിലുള്ള 'സത്യ കല്ലിൽ' കൈതൊട്ട് സത്യം ചെയ്യാൻ കക്ഷികളോട് ആവശ്യപ്പെടുന്നതാണ് ചടങ്ങ്. സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും തൽസ്വരൂപമായ പേടിയാട്ടമ്മയുടെ മുമ്പിൽ അസത്യം പ്രവർത്തിക്കുന്നവർ സ്വയം നശിച്ചുപോകുമെന്നും വിശ്വാസമുണ്ട്. ഇവിടത്തെ പ്രധാന വഴിപാട് പുണ്യാഹമാണ്. അതിനു പുറമേ സ്വർണത്താലി, വെളിച്ചെണ്ണ, പൊൽപൂവ്, പട്ട്, കൊടി, കൊന്തി, പരിച, കുടമണി, ചന്ദ്രക്കല തുടങ്ങിയവയും വഴിപാടായി നൽകിവരുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള ഒരാഴ്ചക്കാലമാണ് വഴിപാടുകൾ കൂടുതലും എത്തിച്ചേരുക. ആണ്ടുതോറുമുള്ള ഉത്സവ നാളുകൾക്കു പുറമെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമേ ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കുകയുള്ളൂ.

Tags:    
News Summary - Kadalundi-Vavulsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.