കോഴിക്കോട്: സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാലു ദിവസം കുടിവെള്ളം മുടങ്ങും. ദേശീയപാതയിൽ വേങ്ങേരി ഓവർപാസ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജെയ്ക പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്കായാണ് ജലമുടക്കം. നവംബർ അഞ്ചു മുതൽ എട്ടുവരെയാണ് പ്രവൃത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൂർണ രീതിയിൽ കുടിവെള്ള വിതരണത്തിൽ തടസ്സമുണ്ടാകും. ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി വേങ്ങേരി, ഫ്ലോറിക്കൻ ഹിൽ റോഡ് ജങ്ഷനുകളിലെ ജെയ്കയുടെ പ്രധാന വിതരണ ലൈൻ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിക്കുവേണ്ടി ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാല ഷട്ട്ഡൗൺ ചെയ്യുന്നതുമൂലമാണ് വിതരണം മുടങ്ങുന്നത്.
കോഴിക്കോട് കോർപറേഷനിലും ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും ജലവിതരണം പൂർണമായി മുടങ്ങും. വേങ്ങേരിയിൽ 220 മീറ്ററിൽ മാറ്റിസ്ഥാപിക്കുന്നതിനുള്ള പൈപ്പുകൾ പൂർണമായി കുഴിയിൽ ഇറക്കിവെച്ചിട്ട് ആഴ്ചകളായി. ഇതിനകംതന്നെ ട്രയൽ പരിശോധനയും നടന്നു. പൈപ്പുകളും ബെൻഡുകളും എത്തി അറ്റകുറ്റപ്പണികളും പെയിന്റടിക്കലും കഴിഞ്ഞുവെങ്കിലും മഴയിലെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പ്രവൃത്തി നീട്ടിവെക്കുകയായിരുന്നു.
നിലവിലെ പൈപ്പിന്റെ ഇടതുവശത്തുകൂടിയാണ് പൈപ്പ് സ്ഥാപിക്കുന്നത്. മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ വേദവ്യാസ സ്കൂളിന് സമീപത്തെ 220 മീറ്റർ പൈപ്പും മാറ്റി സ്ഥാപിക്കുന്നുണ്ട്. വെങ്ങളം -രാമനാട്ടുകര ആറുവരി ദേശീയപാതക്ക് കുറുകെ വേങ്ങേരി ജങ്ഷനിൽ പാലം നിർമാണത്തിന് മണ്ണെടുക്കവെ കഴിഞ്ഞ ജനുവരി 3ന് കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. ഇതേത്തുടർന്ന് പാലം പ്രവൃത്തി നിർത്തിവെച്ചു.
റോഡിന്റെ നടുവിലൂടെ കടന്നുപോകുന്ന പൈപ്പ് മാറ്റിസ്ഥാപിക്കാൻ ദേശീയപാത ഡിസൈൻ വിഭാഗം തീരുമാനിക്കുകയായിരുന്നു. ജലവിതരണം പൂർണമായി മുടങ്ങുന്നതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള ജല അതോറിറ്റി പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.