കോഴിക്കോട്: ജില്ലയിൽ വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി.പി.എം വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തിയെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുന്നതുവരെ കോൺഗ്രസ് സമര രംഗത്തുണ്ടാകുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ.
കാഫിർ പോസ്റ്റ് പ്രചരിപ്പിച്ചവർ തന്നെയാണ് അതിന്റെ പിന്നിലെന്ന് പൊലീസിനറിയാം. എന്നിട്ടും പ്രതികളെ കണ്ടെത്താൻ തയാറാകുന്നില്ല.
പ്രതികളെ കണ്ടെത്തി സമൂഹത്തിനു മുന്നിൽ എത്തിക്കുന്നതുവരെ യു.ഡി.എഫ് സമര രംഗത്തുണ്ടാകും. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനാണ് സമരവുമായി മുന്നോട്ടുപോകുന്നത്. ജില്ലയിൽ കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. 13 അസംബ്ലി മണ്ഡലങ്ങളിലും പതിനായിരത്തിന് മുകളിൽ വോട്ടുകൾ അധികം ലഭിച്ചു. നേരത്തേ യു.ഡി.എഫിന് ബൂത്ത് ഏജന്റുമാരെ നിർത്താൻ സാധിക്കാത്ത ബൂത്തുകളിൽ വരെ മുന്നേറ്റമുണ്ടായി.
സി.പി.എമ്മിന്റെ പാർട്ടിഗ്രാമങ്ങളിൽ യു.ഡി.എഫിന് 100 വോട്ട് കിട്ടാതിരുന്ന ബൂത്തുകളിൽ 300 വോട്ടുകൾ വരെ ലഭിച്ചു. രണ്ടു മന്ത്രിമാരുടെ മണ്ഡലങ്ങളിലും കോൺഗ്രസ് ഭൂരിപക്ഷം നേടി. സ്വന്തം മണ്ഡലത്തിൽപോലും ലീഡ് നിലനിർത്താൻ കഴിയാത്ത മന്ത്രി റിയാസ് രാജിവെക്കുന്നതാണ് നല്ലത്. സി.പി.എമ്മിന് 11.5 ശതമാനം വോട്ട് കുറഞ്ഞപ്പോൾ കോൺഗ്രസിന് ഒരു ശതമാനം വോട്ട് മാത്രമാണ് കുറഞ്ഞത്. വസ്തുത ഇതായിരിക്കെ കോൺഗ്രസിന് അഞ്ചു ശതമാനം വോട്ട് കുറഞ്ഞെന്ന് സി.പി.എം സംസ്ഥന അധ്യക്ഷൻ എം.വി. ഗോവിന്ദൻ കളവ് പറയുന്നു.
അദ്ദേഹം സംസാരിക്കുന്നത് പോരാളി ഷാജിയുടെ ഭാഷയിലാണ്. കെ. മുരളീധരൻ വടകര വിട്ട് തൃശൂരിൽ മത്സരിക്കണമെന്ന് തീരുമാനിച്ചത് പാർട്ടിയാണ്. വലിയ വിജയത്തിനിടയിലും കെ. മുരളീധരന്റെ തോൽവി ദുഃഖമുണ്ടാക്കുന്നു. പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ നിഷ്കളങ്കത കൊണ്ടാണ്. കോൺഗ്രസിന്റെ സ്റ്റാർ സ്ട്രൈക്കറാണ് മുരളീധരൻ. അദ്ദേഹത്തെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ മുതിർന്ന നേതാക്കൾ ഇടപെടും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഈ ട്രന്റ് നിലനിർത്തും.
ജില്ലയിൽ കോൺഗ്രസ് എം.എൽ.എമാരില്ല എന്ന പരാതി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാവില്ലെന്നും പ്രവീൺകുമാർ പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, പി.എം. നിയാസ്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, പി.എം. അബ്ദുറഹ്മാൻ, ചോലക്കൽ രാജേന്ദ്രൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.