കക്കോടി: കാർത്തിക് അവസാനമായി നീട്ടിവിളിച്ചത് ആത്മസുഹൃത്തായ ജാസിമിന്റെ പേര്. ബുധനാഴ്ച ഉച്ചയോടെ കക്കോടി പൂവത്തൂർ ഭാഗത്ത് പൂനൂർ പുഴയിൽ സഹപാഠികൾക്കൊപ്പം കുളിക്കവേ മുങ്ങിത്താഴുമ്പോൾ പ്രാണരക്ഷാർഥം കാർത്തിക് വിളിച്ചത് ജാസിമിനെ. അഞ്ചുപേരടങ്ങിയ സംഘം കുളികഴിഞ്ഞ് കയറാൻ ശ്രമിക്കവേ ജാസിമിന്റെ ചെരിപ്പ് കാർത്തിക് പുഴയിലേക്ക് എറിഞ്ഞു.
ദൂരെ ആഴമുള്ളിടത്തേക്ക് എത്തിയ ചെരിപ്പ് നീന്തിയെടുക്കുന്നതിനിടെ കാർത്തിക് ഒഴുക്കിൽപെടുകയായിരുന്നു. മുങ്ങുന്നതിനിടെ രക്ഷിക്കാൻ കാർത്തിക് ജാസിമിനെ ആർത്തുവിളിച്ചു. ജാസിം അടുത്തെത്തി കൈനീട്ടുമ്പോഴേക്കും സുഹൃത്തിന്റെ ശബ്ദംനിലച്ച് മുങ്ങിത്താണു. ഒപ്പമുള്ളവർ കരയിൽ കയറി പുഴക്കരയിലൂടെ ഏറെ ദൂരം ഓടി തിരഞ്ഞെങ്കിലും കണ്ടില്ല.
പിറന്നാൾ ദിവസമായതിനാൽ ബുധനാഴ്ച രാവിലെ ക്ഷേത്രദർശനം നടത്തുകയും അച്ഛച്ഛന്റെ ശ്രാദ്ധദിവസം കൂടിയായതിനാൽ പിതാവിനും ബന്ധുക്കൾക്കുമൊപ്പം ബലിദർപ്പണം നടത്തുകയും ചെയ്തു. വീടിനു സമീപത്തുള്ള പിതാവിന്റെ കടയിൽ ഇരിക്കുന്നതിനിടെയാണ് കാർത്തികിനെത്തേടി സുഹൃത്തുക്കളായ ജാസിം, അഭിനന്ദ്, സഞ്ജയ്, പ്രിജിത്ത് എന്നിവർ എത്തിയത്.
നീന്താൻ കുളത്തിലോ പുഴയിലോ എവിടെയാണ് പോകേണ്ടതെന്ന ചോദ്യത്തിന് കാർത്തിക് തന്നെയായിരുന്നു പുഴയിൽ പോകാമെന്നു പറഞ്ഞതെന്ന് സുഹൃത്തുക്കൾ പറയുന്നു. കുളിക്കാൻ തിരഞ്ഞെടുത്ത പുഴ കാർത്തികിന്റെ ജീവനും എടുത്തു. അസുഖത്തെതുടർന്ന് മൂത്തമകൻ ധനുഷ് ആറുവർഷം മുമ്പ് മരിച്ചതോടെ കൺവെട്ടത്തുതന്നെയായിരുന്നു പിതാവ് സരസനും മാതാവ് ഷമിതയും കാർത്തികിനെ വളർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.