കോഴിക്കോട്: കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക പൊലീസ് പരിശോധന. ഞായറാഴ്ച രാവിലെ 11 മുതൽ റെയിൽവേ സ്റ്റേഷൻ, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, പാളയം ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, കടപ്പുറം തുടങ്ങിയ ഭാഗങ്ങളിൽ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയടക്കം ഉൾപ്പെടുത്തിയായിരുന്നു പൊലീസ് പരിശോധന. സംശയകരമായതൊന്നും കണ്ടെത്തിയില്ല. റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സമിതിയും ചേർന്ന് എല്ലാ പ്ലാറ്റ്ഫോമുകളിലും പാർക്കിങ് ഭാഗങ്ങളിലും പരിശോധന നടത്തി. പാർസലുകൾ കൈകാര്യം ചെയ്യുന്ന ഭാഗങ്ങളിലും പരിശോധന നടത്തി.
മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ പാർസലുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന പോർട്ടർമാരോടടക്കം സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാൽ അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഉച്ചക്കുശേഷമായിരുന്നു കടപ്പുറം കേന്ദ്രീകരിച്ചുള്ള പരിശോധന നടന്നത്. പലഭാഗത്തും പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഫോടനം സംബന്ധിച്ച് മതസ്പർധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സമൂഹ മാധ്യമങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.