കൊടുവള്ളി: ദേശീയപാത 766 മദ്റസ ബസാറിൽ നിയന്ത്രണം വിട്ട ലക്ഷ്വറി ബസ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. മദ്റസ ബസാർ വളവിൽ ശനിയാഴ്ച രാവിലെ 7.15നായിരുന്നു അപകടം.
ബംഗളൂരുവിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. മസാലക്കടയും ബേക്കറിയും തകർന്നു. ബസിന്റെ സ്ലീപ്പർ ബെർത്തിന്റെയും കെട്ടിടത്തിന്റെ സ്ലാബിന്റെയും ഇടയിൽ കുടുങ്ങിയ യാത്രക്കാരനെ നരിക്കുനിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെത്തിച്ചത്. റോഡരികിൽ നിർത്തിയിട്ട രണ്ട് സ്കൂട്ടറും തകർന്നു.
ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന രണ്ടു പേർക്കും ബസിലെ ഡ്രൈവറടക്കം പത്തോളം ആളുകൾക്കുമാണ് പരിക്കേറ്റത്. രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുവള്ളിയിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊലീസും അഗ്നിരക്ഷാസേനയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മേയ് 14ന് രാവിലെ ബംഗളൂരുവിൽനിന്ന് വരുകയായിരുന്ന കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഇപ്പോൾ അപകടം നടന്നതിന്റെ നേർ എതിർവശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.