കൊടുവള്ളി: കരാറുകാരൻ പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിച്ചുപോയ കോഴിക്കോട് - കൊല്ലേഗൽ 766ാം നമ്പർ ദേശീയപാതയിലെ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള നവീകരണ പ്രവൃത്തി റീ ടെൻഡർ ചെയ്യുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ നാട്ടുകാർ ഏറെക്കാലമായി സഹിച്ചുവന്ന ദുരിതത്തിന് അറുതിയാവുമെന്ന് പ്രതീക്ഷ. ഇ.പി.സി മോഡിൽ 35.42 കോടി രൂപ അനുവദിച്ച പ്രവൃത്തി 2020ൽ ആരംഭിച്ചെങ്കിലും കമ്പനി നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ചിരുന്നില്ല. പി.ഡബ്ല്യു.ഡി എൻ.എച്ച്. ഡിവിഷൻ ചീഫ് എൻജിനീയർ ബാക്കി വന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ ആരംഭിക്കും. അടിയന്തര റിപ്പയർ പ്രവൃത്തികൾ അതിനുള്ളിൽ പൂർത്തിയാക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചിരുന്നു.
നവീകരണത്തിനുവേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്തി പോവുകയും മണ്ണിൽക്കടവ് മുതൽ വാവാട് വരെ പ്രവൃത്തികൾ ഭാഗികമായി നടത്തുകയും ചെയ്തിരുന്നു. ഓവുചാൽ പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനാൽ നിരവധി കാൽനടക്കാർക്ക് ഓവുചാലിൽ വീണ് പരിക്കുപറ്റിയിരുന്നു. മണ്ണിൽക്കടവ് സലഫി മസ്ജിദിന് മുൻവശത്ത് റോഡരികിൽ കോൺക്രീറ്റ് ഭിത്തി നിർമിച്ചെങ്കിലും പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും അപകടങ്ങൾ പതിവാകുകയും ചെയ്തിരുന്നു. പ്രവൃത്തി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിരവധി തവണ പരാതി നൽകുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.