കൊടുവള്ളി: മടവൂർ ചക്കാലക്കൽ വീട്ടിൽ ആയിഷ ഫാദിൻ പാരായണം ചെയ്യുന്നത് സ്വന്തമായി എഴുതിത്തയാറാക്കിയ ഖുർആൻ. വിശുദ്ധ ഗ്രന്ഥത്തിന്റെ മനോഹരമായ കൈയെഴുത്ത് പ്രതി തയാറാക്കിയിരിക്കുകയാണ് ഈ പത്താം ക്ലാസ് വിദ്യാർഥിനി. അച്ചടിച്ച് പുറത്തിറക്കുന്ന ഖുർആന്റെ അതേ കെട്ടിലും മട്ടിലുമാണ് കൈകൊണ്ടെഴുതിയ ഖുർആൻ. സ്കെച്ച് പേപ്പറിൽ സാധാരണ കറുത്ത മഷി പേനകൊണ്ടാണ് എഴുത്ത്.
ഒന്നര വർഷം കൊണ്ടാണ് ആയിഷ ഫാദിൻ ഇത് പൂർത്തീകരിച്ചത്. കവറും സ്വന്തമായാണ് തയാറാക്കിയത്. മൊത്തം 620 പേജാണ് ഖുർആൻ പതിപ്പിനുള്ളത്. എല്ലാം ചേർന്ന് അച്ചടിയെ വെല്ലുംവിധം മനോഹരമാണ് ആയിഷ ഫാദിയുടെ കൈയെഴുത്ത്. എഴുതിത്തീർത്ത ഓരോ വരിയും വാക്കും പരിശോധിച്ച് തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തിയത് മാതാപിതാക്കളാണ്. എഴുതിത്തീർത്ത പേജുകൾ പ്രിന്റിങ് പ്രസിൽ കൊടുത്ത് ബൈന്റ് ചെയ്താണ് മനോഹരമാക്കിയത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയായികൾ മനഃപാഠമാക്കിയാണ് ആദ്യകാലത്ത് ഖുർആൻ പ്രചരിച്ചത്. പിന്നീട് ക്രോഡീകരിച്ച് പുസ്തക രൂപത്തിലായപ്പോൾ തയാറാക്കപ്പെട്ട കൈയെഴുത്ത് പ്രതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മ്യൂസിയങ്ങളിലും ലൈബ്രറികളിലും സൂക്ഷിച്ചിട്ടുണ്ട്. അച്ചുകൂടങ്ങളും ആധുനിക പ്രിൻറിങ് സംവിധാനങ്ങളും വന്നതോടെ ഖുർആന്റെ പുതിയ കൈയെഴുത്ത് പ്രതികൾ അപൂർവമാണ്.
ഒരു വിദ്യാർഥി എഴുതിത്തയാറാക്കിയ ഖുർആന്റെ പതിപ്പെന്ന പ്രത്യേകതയും ആയിഷ ഫാദിന് സ്വന്തമായിരിക്കുകയാണ്. മാതാപിതാക്കൾക്കുപുറമെ, അധ്യാപകരും സഹപാഠികളും പൂർണ പിന്തുണയാണ് ആയിഷ ഫാദിന് നൽകിയത്. പഠന സമയത്തെ ഒഴിവ് നേരങ്ങൾ വിനിയോഗിച്ചായിരുന്നു സൂക്ഷ്മതയോടെയുള്ള എഴുത്ത്. സ്കൂളിൽ നടക്കുന്ന കലോത്സവങ്ങളിലെ അറബി സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്ത പരിചയമാണ് ഖുർആൻ പകർത്തിയെഴുതാൻ പ്രേരണയായതെന്ന് ആയിഷ ഫാദിൻ പറഞ്ഞു.
അറബി കാലിഗ്രഫിയിലും ഒരു കൈ നോക്കിയിട്ടുണ്ട്. ചെറിയ പ്രായത്തിൽത്തന്നെ വായനയിൽ തൽപരയായിരുന്നു. നല്ല കൈയക്ഷരത്തിന് കൂടി ഉടമയായ ആയിഷ ഫാദിൻ ദിവസവും ഡയറി എഴുതി സൂക്ഷിക്കുന്നുണ്ട്. സൗദിയിൽ ജോലി ചെയ്യുന്ന യാസർ അറഫാത്തിന്റെയും സ്റ്റഫിനയുടെയും മകളാണ്. ഡോക്ടറാവണമെന്നാണ് ആഗ്രഹം.
അതോടൊപ്പം കഴിവുകൾ പ്രകടമാക്കാൻ കൂടുതൽ പരിശീലനവും നേടണം. മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. ചക്കാലക്കൽ ഇർഷാദുൽ അനാം മദ്റസയിൽ നടന്ന നബിദിന പരിപാടിയിൽ ഖുർആൻ കൈയെുത്തുപ്രതിയുടെ പ്രകാശനം നടന്നു. ഉമ്മയുടെ പിതാവായ പി.കെ.കുഞ്ഞമ്മദ് അഷ്റഫ് ദാരിമിക്ക് കൈമാറിയാണ് പ്രകാശനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.