കൊടുവള്ളി: കൊടുവള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സംസ്ഥാന സര്ക്കാര് കിഫ്ബി വഴി 55.58 കോടി ചെലവഴിച്ച് നിർമിക്കുന്ന സിറാജ് മേൽപാലം തുരങ്കപാതയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി 28ന് താമരശ്ശേരി തഹസിൽദാർ യോഗം വിളിച്ചു.
പദ്ധതിക്കായി കടകൾ നഷ്ടപ്പെടുന്ന സ്ഥാപന ഉടമകളുടെയും തൊഴിലാളികളുടെയും യോഗമാണ് ഈമാസം 28ന് കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുക.
സ്ഥാപന ഉടമക്ക് ആറുലക്ഷം രൂപയും തൊഴിലാളികൾക്ക് ആറുമാസത്തേക്ക് 36000 രൂപയുമാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഈ യോഗത്തിൽ സ്ഥാപന ഉടമക്കും തൊഴിലാളികൾക്കും ഉന്നയിക്കാവുന്നതാണ്.
പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഏറെ മുന്നിലെത്തിയതായാണ് ബന്ധപ്പെട്ടവർ പറയുന്നത്. പദ്ധതിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും പദ്ധതിയുടെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.
ഇതിനിടെ കോഴിക്കോട്-താമരശ്ശേരി- കൊല്ലഗൽ ദേശീയപാത (എൻ.എച്ച് 766) കോഴിക്കോട് മലാപ്പറമ്പ് മുതൽ അടിവാരം വരെയുള്ള 35 കി.മീറ്റർ ദൂരം വീതികൂട്ടി നവീകരിക്കുന്നതിനുള്ള സാധ്യതാ പഠനത്തിെൻറ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സേലം ആസ്ഥാനമായുള്ള മുകേഷ് ആൻഡ് അസോസിയേറ്റ് ആണ് സാധ്യതാപഠനം നടത്തുന്നത്. 2017ൽ ഇതിെൻറ പ്രവർത്തനങ്ങൾ ആരംഭിച്ചതാണെങ്കിലും 2019 മുതൽ ഒരുവർഷം പ്രവർത്തനം നിലച്ചശേഷമാണ് വിണ്ടും നടപടികൾ പുനരാരംഭിച്ചത്. ഇതിൽ കൊടുവള്ളിയിലും താമരശ്ശേരിയിലും ടൗണിൽ പുതിയ ബൈപാസ് നിർമിക്കുന്നതിനും പദ്ധതിയുണ്ട്. ദേശീയപാതയിൽ കൊടുവള്ളിയിൽ 18.680 കി.മീ. മുതൽ 24.640 വരെയും, താമരശ്ശേരിയിൽ 27.950 മുതൽ 31.550 വരെയും ദൂരത്തിലാണ് പുതിയ ബൈപാസ് നിർമിക്കുക.
കഴിഞ്ഞദിവസം കലക്ടറുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് ദേശീയപാത വിഭാഗം നടത്തിയ യോഗത്തിൽ സാധ്യതാപഠനം നടത്തിയതിെൻറ പ്രാഥമിക റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി. കുന്ദമംഗലം ടൗണിൽ കൂടി ബൈപാസ് നിർമിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നെങ്കിലും പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. റോഡ് ടാറിങ്, ഓവുചാൽ, നടപ്പാത എന്നിവ സഹിതം 30 മീറ്റർ വീതിയിലാണ് അലൈൻമെൻറ് തയാറാക്കുന്നത്.
നിലവിലെ വളവുകൾ നവീകരിക്കും. റോഡ് സർവേ നടത്തി അലൈൻമെൻറ്, എസ്റ്റിമേറ്റ് എന്നീ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്ഥലം ഏറ്റെടുത്ത് റോഡ് വിപുലീകരണത്തിനുള്ള ടെൻഡർ നടപടി വരെയുള്ള കാര്യങ്ങളാണ് മുകേഷ് അസോസിയേറ്റ് ഏറ്റെടുത്തിരിക്കുന്നത്.
സ്ഥലം ഏറ്റെടുത്തു നൽകേണ്ട ബാധ്യത സംസ്ഥാന സർക്കാറിനാണ്. ഇതിനാവശ്യമായ ഫണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.